കൊച്ചി: കോവിഡിനെതിരായ കേരളസർക്കാരിന്റെ പോരാട്ടത്തിന് മറ്റൊരു സഹായഹസ്തവുമായി ഫെഡറൽ ബാങ്ക്. 92.04 ലക്ഷം രൂപ വിലമതിക്കുന്ന പതിനായിരം വാക്‌സിൻ കാരിയറുകളാണ് കേരള സർക്കാരിന് ഇത്തവണ ഫെഡറൽ ബാങ്ക് സംഭാവന ചെയ്തിരിക്കുന്നത്.

അടിസ്ഥാന വികസനം, ലോജിസ്റ്റിക്, ബോധവൽക്കരണം എന്നീ മേഖലകളിൽ ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതി.

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് റെജി പി ജി തിരുവനന്തപുരത്തു വച്ചു നടന്ന ലളിതമായ ചടങ്ങിൽ പ്രതീകാത്മക വാക്‌സിൻ കാരിയർ കൈമാറി. ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ നിഷ കെ ദാസ്, സംസ്ഥാന ബിസിനസ് മേധാവി കവിത കെ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.