ബദിയടുക്ക: കാൻസർ ബാധിച്ച് മരിച്ച അമ്മയ്ക്ക് പിന്നാലെ അച്ഛനും മരണത്തിന്റെ പാത തിരഞ്ഞെടുത്തപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു പോയത് 18കാരനായ നാഗരാജ് എന്ന യുവാവാണ്. പഠനവും കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായത്തിൽ പറക്കമുറ്റാത്ത കുഞ്ഞു സഹോദരങ്ങളെ നോക്കണമെന്ന വലിയ ഉത്തരവാദിത്തമാണ് ഈ കുഞ്ഞ് ചേ്ടനുള്ളത്. പോരാത്തതിന് അച്ഛനും അമ്മയും ഉണ്ടാക്കിയ കടങ്ങളും വീട്ടണം.

ബദിയഡുക്ക കുംബഡാജെ കാജ കാരയ്ക്കാട് എസ്.സി. കോളനിയിലെ നാഗരാജ് ആണ് സഹോദരങ്ങളായ ഹർഷരാജ്, അപർണ, സനത്ത്രാജ് എന്നിവരെ ചേർത്ത് നിർത്തി അച്ഛന്റെയും അമ്മയുടെയും കുറവിന് പരിഹാരമാകാൻ ജീവിതത്തോട് പോരാടുന്നത്. അച്ഛൻ രാഘവന്റെയും അമ്മ സീതയുടെയും ആകസ്മികമായ മരണമാണ് പതിനെട്ടുകാരനായ നാഗരാജിനെ കുടുംബനാഥനാക്കിയത്. നാഗരാജ് പ്ലസ് ടു ജയിച്ചെത്തുമ്പോഴേക്കും തലയിൽ അർബുദം ബാധിച്ച് സീത മരിച്ചു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന രാഘവൻ ഏപ്രിൽ 13-ന് സ്വയം മരണംവരിച്ചു.

ഇതോടെ നാലിലും പത്തിലും പഠിക്കുന്ന അനിയന്മാരുടെയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയുടെയും ഉത്തരവാദിത്തം മുഴുവനും നാഗരാജിനായി. ദുരിതങ്ങൾക്കിടയിലും കുട്ടികളെ പഠിപ്പിക്കുന്നതിലായിരുന്നു രാഘവന്റെയും സീതയുടെയും ശ്രദ്ധ. രാപകൽ ജോലിചെയ്തും കടംവാങ്ങിയും അത്യാവശ്യം സൗകര്യമുള്ള വീടും അവർ നിർമ്മിച്ചു. ഇതിന്റെ എല്ലാം കടം ബാക്കിയാണ്. എസ്.സി. ബാങ്കിൽനിന്നെടുത്ത എഴുപത്തഞ്ചായിരം രൂപ വായ്പയിൽ ഇരുപതിനായിരം മാത്രമേ അടച്ചിട്ടുള്ളൂ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പന്ത്രണ്ടായിരത്തോളം രൂപയും അടയ്ക്കാൻ ബാക്കിയുണ്ട്. ഈ കടങ്ങൾ എങ്ങനെ വീട്ടുമെന്നതും നാഗരാജിന് മുന്നിലെ വെല്ലുവിളിയാണ്.

ദുരന്തങ്ങളിൽ പകച്ചുപോയെങ്കിലും വിധിക്ക് കീഴടങ്ങാതെ സഹോദരങ്ങളുടെ ജീവിതം ഭദ്രമാക്കാനുള്ള നീക്കത്തിലാണ് നാഗരാജ്. വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് വീട്ടിലെ അടുപ്പ് പുകയുന്നത്. സ്വന്തം പഠനം ഉപേക്ഷിച്ചാലും സഹോദരങ്ങളെ പഠിപ്പിക്കാനുള്ള ദൃഢനിശ്ചയവുമായി മുന്നോട്ടുപോവുകയാണ് നാഗരാജ്. അതിനിടയിൽ ഐ.ടി.ഐ.യിൽ ചേർന്ന് വെൽഡിങ് പഠിച്ച് സ്വയംതൊഴിൽ ചെയ്യാനും നാഗരാജിന് ആഗ്രഹമുണ്ട്.

പഠനം ഓൺലൈനാവുമ്പോൾ സ്മാർട്ട് ഫോണും ഓൺലൈൻ ക്ലാസും ഇവർക്ക് സ്വപ്നംകാണാൻപോലും കഴിയുന്നില്ല. കൂലിപ്പണിയിൽനിന്ന് കിട്ടുന്ന ചെറിയ വരുമാനം ഭക്ഷണത്തിനുതന്നെ തികയാതെ വരുമ്പോൾ സ്മാർട്ട് ഫോൺ വാങ്ങാനോ മാസംതോറും റീചാർജ് ചെയ്യാനോ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് നാഗരാജ്.