ബോസ്റ്റൺ : പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരിൽ കഴിഞ്ഞയാഴ്ച 150 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4000 ആയി ഉയർന്നതായി മാസച്യുസെറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് (ഡിപിഎച്ച്) അധികൃതർ അറിയിച്ചു. ജൂൺ 12 മുതൽ ജൂൺ 21 വരെയുള്ള കണക്കുകളാണ് ഡിപിഎച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരിൽ കുറഞ്ഞതു 14 ദിവസമെങ്കിലും കോവിഡ് 19 ആർഎൻഎ കണ്ടെത്താനാകുമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വിശദീകരണം നൽകി.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അംഗീകരിച്ച കോവിഡ് 19 വാക്സിൻ സ്വീകരിച്ചവരിലാണ് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തു ഇതുവരെ 3720037 പേർക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞുവെന്നും ഇതിൽ ഒരു ശതമാനത്തിലധികമാണ് വീണ്ടും കോവിഡ് 19 കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.

സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് കേസ്സുകൾ കുറവാണ്. കോവിഡ് പരിശോധനകൾ വർധിപ്പിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വാക്സീൻ നൽകുന്നതിനും അധികൃതർ മുൻഗണന നൽകുന്നു.