- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യന്റെ പ്രഭാവലയം; നിർണ്ണായക വിവരങ്ങൾ പങ്കുവെച്ച് ചന്ദ്രയാൻ 2
ബെംഗളൂരു: സൂര്യന്റെ പുറമേയുള്ള പ്രഭാവലയത്തെ (കൊറോണ) സംബന്ധിച്ച നിർണായക വിവരങ്ങൾ പങ്കുവച്ച് ഇന്ത്യയുടെ ചന്ദ്രയാൻ 2. സൂര്യനെയും സൂര്യൻ ഭൂമി, സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെയും കുറിച്ചുള്ള വിവരങ്ങൾ ചന്ദ്രയാൻ2ലെ സോളർ എക്‌സ്റേ മോണിറ്റർ ലഭ്യമാക്കിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) അറിയിച്ചു.
സൗരപ്രഭാവലയത്തെ സംബന്ധിച്ച ഒട്ടേറെ രഹസ്യങ്ങൾ ഇനിയും ചുരുളഴിയാനുണ്ട്. 10 ലക്ഷം ഡിഗ്രി സെൽഷ്യസ് വരെ ഇതിന്റെ താപനില ഉയരാറുണ്ടെങ്കിലും സൗരോപരിതലത്തിലെ സാധാരണ താപനില ശരാശരി 6000 ഡിഗ്രി ആണ്. ഈ ഉന്നത താപനിലയിൽ കാന്തികമണ്ഡലത്തിന് കാര്യമായ പങ്കുണ്ടെന്നാണു നിരീക്ഷണം.
അയോണുകളായി മാറാൻ വളരെക്കുറഞ്ഞ ഊർജം മാത്രം ആവശ്യമുള്ള മൂലകങ്ങൾ സൗരോപരിതലത്തെക്കാൾ നാലിരട്ടിയോളം ഈ വലയത്തിലുണ്ടെന്നും കൊടുംചൂടിന് കാരണമിതാണെന്നും കണ്ടെത്തി. നാനോ സോളർ ഫ്‌ളെയറുകളുടെ (ചെറുജ്വാലകൾ) സാന്നിധ്യവും ആദ്യമായി സോളർ എക്‌സ്റേ മോണിറ്ററിന്റെ ദൃഷ്ടിയിൽ പതിഞ്ഞതായി ഇസ്‌റോ അറിയിച്ചു. 2019 സെപ്റ്റംബർ മുതൽ മോണിറ്റർ സൂര്യനെ നിരീക്ഷിക്കുന്നുണ്ട്.