കുവൈത്ത് സിറ്റി : വരുന്ന ഞായറാഴ്ച മുതൽ, കുവൈത്തിൽ വാക്‌സിൻ എടുത്തവർക്ക് കൂടുതൽ ഇളവുകൾ ലഭ്യമാകും. വാക്‌സിൻ ലഭിച്ചവർക്കും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകൾക്കും മാത്രമേ 6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. റെസ്റ്റോറന്റുകൾ, കഫേകൾ,എന്നിവിടങ്ങളിലെ ഡൈൻ ഇൻ ഏരിയയിലും ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ എന്നിവിടങ്ങളിലും പ്രവേശിക്കുന്നതിന് ഉത്തരവ് ബാധകമാണ്.

ആരോഗ്യ ആവശ്യങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള സമിതി ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിരീക്ഷിക്കാൻ ഫീൽഡ് ടീമുകളെ വിന്യസിക്കും. ഒന്നോ രണ്ടോ ഡോസ് വാക്‌സിൻ സ്വീകരിച്ച പൗരന്മാർക്കും താമസക്കാർക്കും ഇവിടങ്ങളിൽ പ്രവേശിക്കാൻ വാണിജ്യ സമുച്ചയങ്ങളുടെ പ്രവേശന കവാടങ്ങളിൽ ഏർപ്പെടുത്താൻ പോകുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന അഭിമുഖീകരിക്കണം. പൗരന്മാരും താമസക്കാരും പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നൽകുന്ന മൈ കുവൈറ്റ് മൊബൈൽ ഐഡി അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂൺ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് സൂക്ഷിക്കണം

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയാക്കിയ എല്ലാവരും ഗ്രീൻ(പച്ച ) വിഭാഗത്തിലും . ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിക്കുകയും, തുടർന്ന് രോഗമുക്തി നേടി പത്ത് ദിവസം പിന്നിട്ടവരുമാണ് യെല്ലോവിഭാഗത്തിൽ(ആകെ 90 ദിവസത്തേക്ക്). വാക്‌സിൻ സ്വീകരിക്കാതിരിക്കുകയോ അല്ലെങ്കിൽ കോവിഡ് ബാധിച്ചവരോ റെഡ് (ചുവപ്പ് ) വിഭാഗത്തിലുമാണ് ഉൾപ്പെടുക.

കൊറോണ വൈറസിനെതിരെ വാക്‌സിനേഷൻ എടുത്തിട്ടുള്ളവർക്ക് മാത്രമേ റെസ്റ്റോറന്റുകളിലും കഫേകളിലും ഹെൽത്ത് ക്ലബ്ബുകളിലും സലൂണുകളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭ അറിയിച്ചിരുന്നു