ദോഹ വിമാനത്താവളത്തിൽ ബാഗേജ് പരിശോധനയ്ക്ക് പുതിയ സ്‌കാനിങ് സംവിധാനം നടപ്പിലാകുന്നതോടെ ബാഗിനുള്ളിലെ പാനീയങ്ങളും ഇലക്്‌ട്രോണിക് ഉപകരണങ്ങളും മാറ്റാതെ സ്‌കാനിങ് നടത്താം.സ്‌കാനിങ് പ്രക്രിയയുടെ വേഗത കൂട്ടുകയെന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂതനമായ സാങ്കേതിക സംവിധാനങ്ങളോടുകൂടിയ സ്‌കാനർ സ്ഥാപിച്ചത്.

ദ്രാവകവസ്തുക്കളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗുകളിൽനിന്ന് പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാൻ ഉപകരിക്കുന്ന നൂതനമായ സ്‌കാനിങ് മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നടപ്പാക്കുന്ന സ്മാർട്ട് സെക്യൂരിറ്റി പ്രോഗ്രാമിന്റെകൂടി ഭാഗമായി സ്ഥാപിച്ച സ്‌കാനർ പ്രവർത്തനക്ഷമമായതായി അധികൃതർ അറിയിച്ചു. ബാഗിൽ വച്ചുതന്നെ സ്‌കാനിങ് നടപടികൾ പൂർത്തിയാക്കി യാത്രക്കാരനെ വിടാൻ കഴിയുന്നതാണ് പുതിയ സംവിധാനം.

സ്‌കാനിങ് പ്രക്രിയക്ക് നേരത്തേതിനെക്കാൾ വേഗത കൂടുമെന്നതും മറ്റൊരു പ്രത്യേകതയാണ്. നിലവിൽ ഒരാളുടെ ദേഹത്തിലുള്ള വസ്തുക്കൾ മാത്രം ഒരു ട്രേയിൽ വച്ചുള്ള പരിശോധനയായിരുന്നെങ്കിൽ പുതിയ സംവിധാനം വന്നതോടെ ഒറ്റ ട്രേയിൽ ആറ് യാത്രക്കാരുടെ വസ്തുക്കൾ വരെ വെക്കാം. ഇതോടെ ചെക്കിങ് പോയിന്റിലെ യാത്രക്കാരുടെ ക്യൂ കുറയ്ക്കാനും കഴിയും. ഏതെങ്കിലും യാത്രക്കാരന് പരിശോധനയ്ക്കിടെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ നിമിഷങ്ങൾക്കകം അന്വേഷിച്ച് കണ്ടെത്താനുള്ള സംവിധാനവുമുണ്ട്.
യാത്രക്കാരുടെ ഉപയോഗത്തിന് മുമ്പ് ഓരോ ട്രേയും അണുവിമുക്തമാക്കുന്നതിന് യുവി-സി മൊഡ്യൂളുകളും സ്‌കാനറിൽ ഘടിപ്പിച്ചിട്ടുണ്ട്.