- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൊളീവിയയെ തകർത്തെറിഞ്ഞ് യുറുഗ്വായ്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്: മികച്ച പ്രകടനം പുറത്തെടുത്ത് കാർലോസ് ലാംപെ
സൂയിയാബ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ബൊളീവിയയെ തകർത്ത് യുറഗ്വായുടെ വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുറഗ്വായുടെ ജയം. ജയം നേടിയെങ്കിലും അത്ര മേനി പറയാനില്ലാത്ത പ്രകടനമായിരുന്നു യുറുഗ്വേയ് കാഴ്ച വെച്ചത്. മത്സരത്തിൽ ഗോളെന്നുറച്ച നിരവധി അവസരങ്ങൾ യുറുഗ്വേയ് തുലച്ചുകളഞ്ഞു.
മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബൊളീവിയ ഗോൾകീപ്പർ കാർലോസ് ലാംപെ തുടക്കം മുതൽ ഒടുക്കം വരെ യുറുഗ്വേയ്ക്ക് വെല്ലുവിളി ഉയർത്തി. യുറഗ്വായ് താരങ്ങളുടെ ഗോളെന്നുറച്ച അഞ്ചോളം അവസരങ്ങളാണ് ലാംപെ രക്ഷപ്പെടുത്തിയത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ബൊളീവിയ ഗോൾകീപ്പർ കാർലോസ് ലാംപെയുടെ സെൽഫ് ഗോളിലാണ് യുറുഗ്വേയ് മുന്നിലെത്തിയത്. ബോക്സിലേക്കെത്തിയ ജോർജിയൻ ഡി അരാസ്‌കെയറ്റയുടെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ബൊളീവിയൻ ഡിഫൻഡർ ജെയ്റോ ക്വിന്റെറോസിന്റെ ശ്രമത്തിനിടെ പന്ത് കാർലോസ് ലാംപെയുടെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അവസരങ്ങൾ ഒരുക്കുന്നതിൽ മുന്നിൽ യുറഗ്വായായിരുന്നു. 28-ാം മിനിറ്റിൽ ലാ ക്രൂസിന്റെ ക്രോസിൽ നിന്നുള്ള എഡിൻസൻ കവാനിയുടെ ഹെഡർ കാർലോസ് ലാംപെ പിടിച്ചെടുത്തു.
36-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർദെയുടെ ക്രോസിൽ നിന്നുള്ള ലൂയിസ് സുവാരസിന്റെ ഹെഡറും പുറത്തേക്ക് പോയി. ആദ്യ പകുതിയിൽ കാര്യമായ ഗോളവസരങ്ങളൊന്നും ബൊളീവിയക്ക് സൃഷ്ടിക്കാനായില്ല.
രണ്ടാം പകുതിയിലും അവസരങ്ങൾ തുലയ്ക്കുന്നത് യുറഗ്വായ് തുടർന്നു. 52, 59, 71 മിനിറ്റുകളിൽ ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ എഡിൻസൺ കവാനി 79-ാം മിനിറ്റിൽ പക്ഷേ സ്‌കോർ ചെയ്തു. യുറഗ്വായുടെ കൗണ്ടർ അറ്റാക്കിനിടെ ഫകുണ്ടോ ടോറസിന്റെ പാസ് കവാനി വലയിലെത്തിക്കുകയായിരുന്നു. രാജ്യത്തിനായി താരത്തിന്റെ 52-ാം ഗോളായിരുന്നു ഇത്.