ത്തവണ വേനലവധിയിൽ അടിച്ചുപൊളിക്കാൻ അവസരമൊരുക്കിക്കൊണ്ട് ബ്രിട്ടീഷുകാർക്ക് ഏറെ പ്രിയപ്പെട്ട ചില വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പടെ 16 ഇടങ്ങൾ കൂടി ബ്രിട്ടൻ ഗ്രീൻ ലിസ്റ്റിലേക്ക് ചേർത്തു. സന്ദർശിച്ച് തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രീൻ ലിസ്റ്റിൽ മല്ലോക്ര, ഇബിസ, മെണോർക്ക, മഡേരിയ, ഗ്രനേഡ, ബാർബഡോസ്, ബെർമുഡ എന്നീ രാജ്യങ്ങൾകൂടി ഉൾപ്പെടുത്തി. നേരത്തേ ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ടവയായിരുന്നു ഇവയെല്ലാം. ജൂൺ 30 മുതൽ ഇവിടങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമായിരിക്കില്ല.

ഒഴിവുകാലയാത്രകൾ ഇഷ്ടപ്പെടുന്നവർക്കും അതുപോലെ പൊതുവിൽ ട്രാവൽ മേഖലയ്ക്കും ആശ്വാസമേകുന്ന മറ്റൊരു തീരുമാനം കൂടി ഇന്നലെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പ്രഖ്യാപിച്ചു. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് ആമ്പർലിസ്റ്റിലെ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങുമ്പോഴും ക്വാറന്റൈൻ ആവശ്യമായി വരില്ല എന്നതാണത്. അതേസമയം ടുണീഷ്യ, ഹൈതി എന്നിവ ഉൾപ്പടെ ആറു രാജ്യങ്ങളെ പുതിയതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങൾ സന്ദർശിച്ചു മടങ്ങുമ്പോൾ സർക്കാർ അംഗീകൃത ഹോട്ടലുകളിൽ 10 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം.

നേരത്തേഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ഇസ്രയേൽ, ജറുസലേം എന്നിവ ഇപ്പോൾ ഗ്രീൻ വാച്ച് ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. അതായത്, ഒരുപക്ഷെ സമീപ ഭാവിയിൽ തന്നെ ഈ പ്രദേശങ്ങൾ ആമ്പർ ലിസ്റ്റിലേക്ക് മാറ്റിയേക്കാം എന്നർത്ഥം. അതുപോലെ ഇന്ന് ഗ്രീൻ ലിസ്റ്റിൽ കൂട്ടിചേർത്ത 16 രാജ്യങ്ങളിൽ മാൾട്ടയും ഗ്രീൻ വാച്ച് ലിസ്റ്റിലാണ് ഉള്ളത്.

സാമൂഹിക അകലം ഇല്ലാതെയാകുന്നു; കൊറോണക്കാലം വിസ്മരിക്കപ്പെടുന്നു

കൊറോണയെ കേവലമൊരു ഭൂതകാല ദുരന്തമായി മറക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷുകാർ. നിയന്ത്രണങ്ങൾ ഓരോന്നായി എടുത്തുകളഞ്ഞ് പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്ന ബ്രിട്ടനിൽ ജൂലായ് 19 മുതൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവും ഇല്ലാതെയാവുകയാണ്. ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളുടെ പുനരുജ്ജീവനത്തിന് ഏറെ പ്രധാനപ്പെട്ടതായതിനാൽ, മറ്റെല്ലാ നിയന്ത്രണങ്ങളേക്കാൾ മുന്നേ സാമൂഹിക അകലം എന്ന നിയന്ത്രണം എടുത്തുകളയുവാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വിവിധ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, കോവിഡ് വ്യാപനത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ബോറിസിന്റെ ഈ ആഗ്രഹത്തിന് വിലങ്ങുതടിയായേക്കാമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നേരത്തേ ജൂൺ 21 ന് നിശ്ചയിച്ചിരുന്ന ലോക്ക്ഡൗണിലെ നാലാം ഘട്ട ഇളവുകൾ ഇതുകാരണം ജൂലായ് 19 ലേക്ക് മാറ്റിയിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ജൂലായ് 19ന് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ല.