- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫെബ്രുവരിക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയത് ഇന്നലെ; 16,703 രോഗികൾ ഉണ്ടായെങ്കിലും മരണ സംഖ്യ ഒരേ നിരക്കിൽ തുടരുന്നു; കോവിഡിനെ കീഴടക്കിയപ്പോഴും രോഗികൾ കുറയാതെ ബ്രിട്ടൻ

കോവിഡിനെ കടിഞ്ഞാണിട്ടു നിയന്ത്രിച്ചെന്ന ആത്മവിശ്വാസത്തിൽ ലോക്ക്ഡൗൺ ഇളവുകളുമായി മുന്നോട്ട് പോകുമ്പോഴും ബ്രിട്ടനിൽ പ്രതിദിനം കോവിഡ് രോഗികൾ കൂടിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായി നാലാം ദിവസവും റെക്കോർഡ് നിരക്കാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 16,703 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 51.7 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിൽനിന്നും എത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌കോട്ട്ലാൻഡിൽ കോവിഡ് പരിശോധനകൾ വ്യാപകമാക്കിയതാണ് പ്രതിദിനരോഗികളുടെ എണ്ണത്തിൽ ഇപ്പോൾ ഇത്രയധികം വർദ്ധനവ് ഉണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, മറ്റൊരു കണക്ക് സൂചിപ്പിക്കുന്നത് ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളിലും രോഗവ്യാപനതോതിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ വേഗത കുറയുന്നുണ്ട് എന്നാണ്.
മരണനിരക്കിൽ വലിയ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, വളരെ മന്ദഗതിയിൽ അത് ഉയരുന്നുണ്ട്. അതേസമയം ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട് എന്നാണ്. യൂറോ 2020 കോവിഡിന്റെ വ്യാപനം വർദ്ധിക്കാൻ കാരണമായതായി അതിനിടയിൽ ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
രോഗപരിശോധന വ്യാപകമാക്കിയ സ്‌കോട്ട്ലാൻഡിൽ പുതിയതായിരോഗം സ്ഥിരീകരിക്കപ്പെടുന്നവരിൽ മൂന്നിൽ രണ്ടുപേരും 15 മുതൽ 44 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരാണ്. അടച്ചിട്ട മുറികൾക്കുള്ളിൽ, ഫുട്ബോൾ മാച്ച് സംപ്രേഷണം കൂട്ടുകാരൊത്ത് ആസ്വദിക്കുവൻ കൂടിയവരാണ് ഇവരിൽ അധികവും. ഇവർക്ക് രോഗം പകർന്ന് കിട്ടിയതും ഇതേ വഴിയിൽ തന്നെ. സ്‌കോട്ട്ലാൻഡും ഇഗ്ലണ്ടും തമ്മിലുള്ള മത്സരം കാണുവാൻ ഇംഗ്ലണ്ടിലെത്തി മടങ്ങിയ സ്‌കോട്ടിഷ് ആരാധകരും രോഗവ്യാപനത്തെ ത്വരിതപ്പെടുത്തി എന്നു വിശ്വസിക്കുന്നവരുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3000 പേർക്കാണ് സ്‌കോട്ട്ലാൻഡിൽ കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇന്ത്യൻ വകഭേദം പടരാൻ തുടങ്ങിയതോടെ ബ്രിട്ടനിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സ്‌കോട്ട്ലാൻഡിൽ രോഗവ്യാപന വർദ്ധനവ് കൂടുതൽ വേഗത്തിലായിരിക്കുകയാണ്. അതേസമയം, ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം പെട്ടെന്ന് കണ്ടെത്തി നിയന്ത്രണ വിധേയമാക്കുവാനായി പരിശോധനകളുടെ എണ്ണവും വളരെയേറെ വർദ്ധിപ്പിച്ചിട്ടുണ്ട്.

