ന്യൂഡൽഹി: വീട്ടുകാരെ പേടിച്ചു ഒരുമിച്ച് ജീവിക്കാൻ കോടതിയെ സമീപിച്ച ദമ്പതിമാർക്കു പൊലീസ് സുരക്ഷ നൽകാൻ നിർദേശിച്ച് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നൽകിയത് 26 ഉത്തരവുകൾ. ഇതിലേറെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്യുകയോ ഒരുമിച്ചു ജീവിക്കുകയോ ചെയ്യുന്നവരുടെ പരാതികളാണ്.

വീട്ടുകാരിൽ നിന്നും സുരക്ഷ ഒരുക്കണമെന്നാണ് പരാതിക്കാരുടെ എല്ലാവരുടേയും ആവശ്യം. ഇതിലൊരു കേസിൽ പരാതിക്കാരായ ദമ്പതികൾക്ക് ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്താൻ ജസ്റ്റിസ് സിദ്ധാർഥ് ആഗ്ര പൊലീസ് മേധാവിയോട് ഉത്തരവിട്ടു. മറ്റൊരു പരാതിയിൽ വിവാഹമോചനം നേടിയശേഷം പുനർവിവാഹം ചെയ്തവരാണു കുടുംബാംഗങ്ങളിൽനിന്നു ഭീഷണി നേരിട്ടത്. ഇവർക്കും സംരക്ഷണം നൽകണം.

വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന യുവതിയും യുവാവും കുടുംബക്കാരിൽനിന്നു ഭീഷണി നേരിടുന്നുവെന്ന പരാതിയും കോടതി പരിഗണിച്ചു. വീട്ടുകാർ പുറത്താക്കിയ യുവതിക്കു യുവാവ് അഭയം നൽകുകയായിരുന്നു. വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നു വ്യക്തമാക്കിയ കോടതി, കേസ് തീർപ്പാകും വരെ ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടു.

പ്രായപൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതായി കഴിഞ്ഞ വർഷം അലഹാബാദ് കോടതിയുടെ രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.