2020 പെട്ടിമുടി ഉരുൾപൊട്ടലിനെത്തുടർന്ന് കേരള പൊലീസ് ഏറ്റെടുത്ത കുവി എന്ന നായ വീണ്ടും സുരക്ഷിതമായ കരങ്ങളിലേക്ക്. പൊലീസ് സംരക്ഷണത്തിൽ വളർന്ന കുവി മൂന്നു മാസങ്ങൾക്കു മുൻപാണ് ഉടമകളുടെ ബന്ധുവായ പളനിയമ്മാൾക്ക് കൈമാറിയത്. ഏട്ടു മാസത്തെ പരിശീലനത്തിനുശേഷമായിരുന്നു ആ കൈമാറൽ. എന്നാൽ, മൂന്നു മാസങ്ങൾക്കു ശേഷം പളനിയമ്മാൾ കുവിയെ ഇടുക്കി ശ്വാനസേനയിലെ പരിശീലകനായ അജിത് മാധവന് ഇന്ന് കൈമാറി. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കുവിയെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നതിനാലാണ് പെട്ടിമുടിയിൽനിന്ന് കണ്ടെത്തിയതു മുതൽ പൊലീസ് സേനയിൽ കുവിയെ സംരക്ഷിച്ചുപോന്നിരുന്ന അജിത് മാധവനുതന്നെ പളനിയമ്മാൾ കൈമാറിയത്. അർഹതപ്പെട്ട, സുരക്ഷിതമായ കൈകളിൽത്തന്നെ കുവി എത്തിയെന്ന് ശ്വാനപ്രേമികൾ പറയുന്നു.

പെട്ടിമുടിയിൽനിന്ന് ഇന്ന് യാത്ര തിരിച്ചപ്പോൾ കുവിക്ക് പറയാൻ രണ്ട് സന്തോഷ വാർത്തകളുണ്ട്. അതിലൊന്ന് മുകളിൽ സൂചിപ്പിച്ചതുപോലെ പരിശീലനം നൽകി സംരക്ഷിച്ച അജിത് മാധവന്റെ കൈകളിലെത്തി എന്നതാണ്. രണ്ടാമത്തെ വാർത്ത... കുവി ഗർഭിണിയാണ്. എത്ര ദിവസം ഗർഭിണിയാണെന്ന് വ്യക്തമായി അറിവില്ലാത്തതിനാൽ വീണ്ടുമൊരു സന്തോഷവാർത്തയ്ക്കുവേണ്ടി കാത്തിരിക്കാം. പെട്ടിമുടിയിൽനിന്ന് അജിത് മാധവന്റെ ഇടുക്കിയിലുള്ള വീട്ടിലേക്കുള്ള യാത്രയിലാണ് കുവി ഇപ്പോൾ. കുവിയെ കൂടാതെ 6 നായ്ക്കൾക്കൂടി അജിത് മാധവന്റെ വീട്ടിലുണ്ട്. അതിലൊരാൾ 18 വയസുള്ള നാടൻ നായയാണ്.