ഊട്ടി: ഊട്ടിയിലെ കാന്തലിൽ സ്ത്രീ മരിച്ച സംഭവത്തിൽ സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. കാന്തൽ പുതുനഗറിലെ മാർഗരറ്റ് (50) മരിച്ച സംഭവത്തിൽ എസ്‌ഐ മുസ്തഫയാണ് (55) അറസറ്റിലായത്. ക്യൂബ്രാഞ്ച് എസ്‌ഐ മുസ്തഫയും (55) ഇവരും തമ്മിൽ 15 വർഷമായി അടുപ്പത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ എസ്‌ഐ അവരെയും കൂട്ടി പുറത്തു പോയിരുന്നു. തുടർന്നു കോവിഡ് ബാധിച്ച് ഇവർ മരിച്ചതായുള്ള അറിയിപ്പാണ് ബന്ധുക്കൾക്ക് ലഭിച്ചത്. താമസിയാതെ മുസ്തഫ തന്നെ ബന്ധുക്കൾക്കു മൃതദേഹം കൈമാറി. മൃതദേഹം ആരുമറിയാതെ സംസ്‌കരിക്കാൻ വീട്ടുകാരോട് മുസ്തഫ ആവശ്യപ്പെട്ടു.

സ്ത്രീയുടെ മുഖത്തു മർദനമേറ്റ അടയാളങ്ങൾ കണ്ടു സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകിയതോടെയാണ് എസ്‌ഐ അറസ്റ്റിലായത്.