- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തുക്കളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ വിൽപ്പന നടത്തിയതിലും കോട്ടപ്പടിയിൽ ഭൂമി വാങ്ങിയതിലും കർദിനാളിന് വീഴ്ച പറ്റി; അതിരൂപതയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞില്ല; കെപിഎംജി റിപ്പോർട്ടിലുള്ള കർദിനാളിനെതിരായ കുറ്റപ്പെടുത്തലുകൾ; ഭൂമി വിറ്റ് കടം വീട്ടി പ്രശ്ന പരിഹാരത്തിന് വത്തിക്കാൻ
ആലപ്പുഴ: എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ വിവാദഭൂമിയിടപാടിൽ ഗുരുതരപിഴവെന്നു ധനകാര്യ ഓഡിറ്റിങ് സ്ഥാപനമായ കെ.പി.എം.ജി.യുടെ ഫൊറൻസിക് റിപ്പോർട്ട് കർദിനാൾ മാർ ആഞ്ചേരിക്കെതിരെ ആയുധമാക്കാൻ മറുപക്ഷം. വിലനിശ്ചയിച്ചതുമുതൽ അടിമുടി പിഴവുപറ്റി. ഒട്ടും സുതാര്യമല്ലാതെയാണ് ഇടപാടുകൾ നടന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ആലഞ്ചേരിക്കെതിരെ നിലപാട് എടുത്തവരുടെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് കണ്ടെത്തലുകൾ. എന്നാൽ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർത്തതിനാൽ ഈ പ്രശ്‌നത്തിൽ സഭാ വിശ്വാസികൾ പരസ്യ നിലപാടുകൾ എടുക്കില്ല.
സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പന ഏറെ വിവാദമായിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് വിവിവിധ സമിതികളെ സഭാ നേതൃത്വം നിയോഗിച്ചിരുന്നു. അതിൽ ഒന്നായിരുന്നു ഇഞ്ചോടി കമ്മീഷൻ. ഇഞ്ചോടി കമ്മീഷനോട് വത്തിക്കാന്റെ നിർദ്ദേശം അനുസരിച്ചാണ് കെ.പി.എം.ജി. എന്ന അന്താരാഷ്ട്ര ഏജൻസിയെ ഭൂമി വിൽപ്പനയിൽ നടന്ന ഇടപാടുകളേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്. നിലവിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കോട്ടപ്പടി മേഖലയയിൽ വാങ്ങിയ ഭൂമി വിറ്റ് കടം വീട്ടുക എന്ന നിർദേശമാണ് വത്തിക്കാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനാൽ ഭൂമി വിൽപ്പനയിൽ വീഴ്ചകളുണ്ടായെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം.
2013 ഏപ്രിൽ ഒന്നുമുതൽ 2018 മാർച്ച് 31 വരെയുള്ള സാമ്പത്തിക ഇടപാടുകളാണു പരിശോധിച്ചത്. ഭൂമിയിടപാട് അന്താരാഷ്ട്ര ഏജൻസിയെക്കൊണ്ടു പരിശോധിപ്പിക്കണമെന്നു വത്തിക്കാൻ നിർദേശിച്ചതനുസരിച്ചാണു കെ.പി.എം.ജി.യെ ചുമതലപ്പെടുത്തിയത്. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പ്രധാനവീഴ്ചകളെ വത്തിക്കാൻ ഗൗരവത്തോടെ എടുക്കുമോ എന്നതും ആർക്കും അറിയില്ല. അങ്ങനെ വന്നാൽ കടുത്ത നടപടികൾ കേരളത്തിലെ സഭാ നേതൃത്വത്തിൽ ഉണ്ടായേക്കാം. കോതമംഗലത്ത് കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിൽ സ്ഥലംവാങ്ങിയതിലും ഇടനിലക്കാരൻ സാജു കുന്നേലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും നടത്തിയ ആശയവിനിമയത്തിലും സുതാര്യതക്കുറവുണ്ടെന്ന കണ്ടെത്തൽ ഗൗരവമുള്ളതാണ്.
കാനോനിക സമിതികളുടെ അംഗീകാരം നേടിയില്ല, ഇടനിലക്കാരെ നിശ്ചയിച്ചതിൽ സുതാര്യതയില്ല, എറണാകുളം നഗരത്തിൽ അഞ്ചിടത്തെ സ്ഥലത്തിനുംകൂടി ശരാശരിവില നിശ്ചയിച്ചതിൽ യുക്തിയില്ല, സ്ഥലത്തിന്റെ വിലസംബന്ധിച്ച് സ്വതന്ത്രമായ മൂല്യനിർണയം നടത്തിയില്ല, നിശ്ചയിച്ച നിരക്കിനെക്കാൾ കുറഞ്ഞവിലയ്ക്കാണു വിൽക്കുന്നതെന്നകാര്യം കാനോനികസമിതികളെ അറിയിച്ചില്ല, വാങ്ങുന്നവരെക്കുറിച്ച് ഒരന്വേഷണവും നടത്തിയില്ല-ഇങ്ങനെ പോകുന്നു കണ്ടെത്തലുകൾ. സെന്റിന് 9.05 ലക്ഷം രൂപയ്ക്കാണ് ഇടപാടു നടത്തിയത്. അഞ്ചിടത്തായി മൂന്നേക്കറോളം വിറ്റപ്പോൾ 27 കോടി കിട്ടേണ്ടതായിരുന്നു. എന്നാൽ, 13 കോടിയോളമേ അക്കൗണ്ടിലെത്തിയുള്ളൂ. ഇതാണ് വൻവിവാദമായതും അന്വേഷണങ്ങളിലേക്കുനയിച്ചതും.
ഇടനിലക്കാരൻ സാജു കുന്നേലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അടുത്തകാലത്ത് പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നു പറയുമ്പോഴും ഫോൺരേഖകൾ മറിച്ചാണ്. താൻ കുറച്ചുകൂടി ജാഗ്രത കാട്ടിയിരുന്നെങ്കിൽ അതിരൂപതയ്ക്കുണ്ടായനഷ്ടം കുറയുമായിരുന്നെന്നു കർദിനാൾ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയിച്ചവില അക്കൗണ്ടിലേക്കു വരാഞ്ഞപ്പോൾ കാരണമന്വേഷിച്ചിരുന്നു. നോട്ടുനിരോധനം, ചില രേഖകൾ ഇല്ലാത്തതു തുടങ്ങിയകാരണങ്ങളാണ് ഇടപാടിനു നേതൃത്വംനൽകിയ പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയും ഇടനിലക്കാരൻ സാജു കുന്നേലും പറഞ്ഞത്. ഫാ. ജോഷി ഉത്തരവാദിത്വങ്ങളിൽ വീഴ്ചവരുത്തി. അദ്ദേഹം എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കരുതുന്നില്ല. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും പ്രൊക്യുറേറ്ററും എല്ലാം നന്നായിനടത്തുമെന്നാണു താൻകരുതിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്ഥലംവാങ്ങിയവരെ കണ്ടിട്ടില്ലെന്നും വില നിശ്ചയിച്ചതു സാജുവാണെന്നുമാണ് ഫാ. പുതുവ നൽകിയമൊഴി. എന്നാൽ, ഇടപാടുകാരെ അതിരൂപതയ്ക്കു പരിചയപ്പെടുത്തുകമാത്രമേ ചെയ്തിട്ടുള്ളുവെന്നാണു സാജു പറഞ്ഞിരിക്കുന്നത്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന് അധികാരമുണ്ടായിട്ടും ഭൂമിയിടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ചോദ്യംചെയ്തില്ലെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, പണത്തിനുപകരമായി കോട്ടപ്പടിയിലെ ഭൂമി വാങ്ങാമെന്ന നിർദേശത്തെ താൻ ശക്തമായി എതിർത്തിരുന്നുവെന്നു മാർ എടയന്ത്രത്ത് മൊഴിനൽകിയിട്ടുണ്ട്. എങ്കിലും കർദിനാളിന്റെ നിർദേശപ്രകാരമാണ് ഇതിന്റെ അംഗീകാരത്തിനായി ഫാ. പുതുവയ്ക്ക് ഇ-മെയിൽ അയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ ഭൂമി വിൽപ്പന നടത്തിയതിലും കോട്ടപ്പടി മേഖലയിൽ ഭൂമി വാങ്ങിയതിലും കർദിനാളിന് വീഴ്ച പറ്റിയെന്നും അതിരൂപതയുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കാൻ അദ്ദേഹത്തിനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ