- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിലെത്തിയ കോഴിയുടെ വിധി നിർണ്ണയിച്ച് ജഡ്ജി; ടെസ്സയെ ഇനി അന്നയും അലീനയും നോക്കി വളർത്തും
കോഴിക്കോട്: കോടതിയിലെത്തിയ കോഴിയുടെ വിധി നിർണ്ണയിച്ച് ജഡ്ജി. ബുധനാഴ്ച കുന്നമംഗലം കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച കോഴിയുടെ വിധിയാണ് ജഡ്ജിയുടെ ഉത്തകരവ് പ്രകാരം മാറി മറിഞ്ഞത്. കുന്നമംഗലം കോടതിയിൽ കോടതി നടപടിക്രമങ്ങൾ നടക്കുന്നതിനിടെ രാവിലെ പതിനൊന്നരയോടെയാണ് കോഴി വന്നുപെട്ടത്. 'പ്രതി'യെ ജീവനക്കാരൻ ഓടിച്ചിട്ടു പിടികൂടി. അടുത്ത വീടുകളിൽ ഉടമസ്ഥനാരാണെന്നു തിരക്കിയെങ്കിലും ആരും മുന്നോട്ടുവന്നില്ല.
തുടർന്നാണ് മജിസ്‌ട്രേട്ടിന്റെ നിർദേശ പ്രകാരം കുന്നമംഗലം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി സിആർപിസി അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഉടമസ്ഥനെത്താത്തതിനാൽ കോഴിയെ ലേലം ചെയ്യാൻ തീരുമാനിച്ചു. കോവിഡ് കാലമായതിനാൽ ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ കുറവായിരുന്നു. മറ്റൊരു വാർത്ത റിപ്പോർട്ടു ചെയ്യാൻ സ്വകാര്യചാനലിലെ റിപ്പോർട്ടറെയും കൊണ്ട് വന്ന വാഹനത്തിന്റെ ഡ്രൈവർ മുകേഷ് ബേപ്പൂർ ചാടിക്കയറി ലേലത്തിൽ പങ്കെടുത്തു. 50 രൂപ മുതലാണ് ലേലം വിളിച്ചുതുടങ്ങിയത്. 100 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. കോഴിയെ മുകേഷ് സ്വന്തമാക്കി. പക്ഷേ, പോക്കറ്റിൽ തപ്പിനോക്കിയപ്പോൾ 100 രൂപ തികച്ചെടുക്കാനില്ല. ഒടുവിൽ ഗൂഗിൾപേ വഴി ലേലത്തുകയായ 100 രൂപ കൈമാറി.
ജീവനുള്ള കോഴിയുമായി മുകേഷ് നടുവട്ടത്തെ വീട്ടിലെക്ക് പോയി. കോഴിയെ കിട്ടിയപ്പോൾ മക്കളായ അന്നയും അലീനയും തുള്ളിച്ചാടി. ഇരുവർക്കും കോഴിയെ വളർത്താൻ ഇഷ്ടമാണ്. തൊട്ടടുത്ത വീട്ടിലെ കോഴിക്കു തീറ്റകൊടുക്കുന്നത് ഇവരാണ്. ഇരുവർക്കും മുകേഷ് സ്വന്തമായൊരു പട്ടിയെ വാങ്ങി നൽകിയിരുന്നു. ദുൽഖർ സൽമാൻ ആരാധികമാരായ ഇരുവരും പട്ടിക്ക് 'ചാർളി' എന്നാണ് പേരു നൽകിയത്. പുതുതായെത്തിയ കോഴിക്ക് ചാർളി സിനിമയിലെ നായികയായ ടെസ്സയുടെ പേരു നൽകി. ഇരുവരും കാർഡ്‌ബോർഡ് കൊണ്ട് ടെസ്സയ്ക്ക് കൂടുണ്ടാക്കി. നല്ലൊരു കോഴിക്കൂട് വാങ്ങി നൽകാമെന്ന് മുകേഷ് ഉറപ്പു നൽകിയിട്ടുമുണ്ട്.