തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും വിലാസം മാറ്റുന്നതും ഇനി അപേക്ഷയുടെ മുൻഗണനാ ക്രമത്തിൽ. 'ഫയൽ ക്യൂ മാനേജ്‌മെന്റ്' സംവിധാനം മോട്ടർ വാഹന വകുപ്പ് നടപ്പിലാക്കിയതോടെ ഇഷ്ടക്കാരുടെ ഫയൽ 'പൊക്കിയെടുത്ത്' തീർപ്പാക്കുന്ന രീതിക്ക് അവസാനമായി.െോ. ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഇടനിലക്കാരില്ലാതെ തന്നെ അപേക്ഷയുടെ മുൻഗണനാ അടിസ്ഥാനത്തിൽ തീർപ്പുണ്ടാക്കാൻ ഇതു വഴിയൊരുക്കും.

'ഫയൽ ക്യൂ മാനേജ്‌മെന്റ്' സംവിധാനം അനുസരിച്ച് ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറിൽ അപേക്ഷകരുടെ മുൻഗണന പ്രകാരം ഒരു ഫയൽ മാത്രമേ കാണാൻ പറ്റൂ. അടുത്ത അപേക്ഷകൻ ആരെന്നു പോലും അറിയാനാകില്ല. മുന്നിൽ വരുന്ന അപേക്ഷ കാരണം കൂടാതെ മാറ്റിവയ്ക്കാനും സാധിക്കില്ല. മാറ്റിവയ്ക്കണമെങ്കിൽ കൃത്യമായ കാരണം സോഫ്റ്റ്്വെയറിൽ നൽകണം. അത് അപ്പോൾ തന്നെ അപേക്ഷകന്റെ മൊബൈൽ ഫോണിലേക്കു സന്ദേശമായി എത്തും. നടപടികൾ ഇതോടെ പൂർണമായി സുതാര്യമാകുമെന്നു ഗതാഗത കമ്മിഷണർ കെ. അജിത് കുമാർ പറഞ്ഞു.

വാഹന രജിസ്‌ട്രേഷൻ നടപടികളിലും ഇതേ സംവിധാനം നടപ്പാക്കാൻ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. പുതിയ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ ഓൺലൈൻ വഴിയാക്കിയിരുന്നു. ഡീലറുടെ കയ്യിൽ നിന്നു തന്നെ റജിസ്‌ട്രേഷൻ നടത്തി പുതിയ നമ്പറുമായി വാഹനം പുറത്തിറക്കാം. റജിസ്‌ട്രേഷൻ നടപടികളും പൂർണമായി ഫയൽ ക്യൂ മാനേജ്‌മെന്റ് വഴി ആകുന്നതോടെ വകുപ്പിലെ പ്രധാന േസവനങ്ങളെല്ലാം ഇടനിലക്കാരില്ലാതെ സുതാര്യമാകും.

ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്കു വരുന്ന വാഹനങ്ങൾക്കുള്ള പെർമിറ്റും ഇപ്പോൾ ഓൺലൈനായി പരിവാഹൻ വഴി ലഭിക്കും. കേരളത്തിൽ നിന്നു പുറത്തേക്കു പോകുന്ന വാഹനങ്ങൾക്കും അടുത്തയാഴ്ച മുതൽ പെർമിറ്റ് ഓൺലൈനാകും. അതേസമയം രജിസ്‌ട്രേഷൻ ഉൾപ്പെടെ വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിൽ നടപ്പായില്ല.