- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ ഡെൽറ്റ വകഭേദത്തെ കീഴ്പ്പെടുത്തിയപ്പോൾ പെറുവിൽ നിന്നുള്ള ലാമ്പ്ഡ വകഭേദം എത്തി; എങ്കിലും ജൂലായ്19 ന് എല്ലാവർക്കും സ്വാതന്ത്ര്യം; രണ്ട് വാക്സിനും ഏടുത്തവർക്ക് നിയന്ത്രണങ്ങൾ എല്ലാം ഒഴിവാക്കാൻ ഉറച്ച് ബ്രിട്ടൻ

നേരത്തേ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പിൻവലിക്കൽ നീട്ടിവപ്പിച്ച ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റാ വകഭേദത്തെ ഒരുവിധം നിയന്ത്രിച്ചപ്പോൾ പെറുവിൽ നിന്നെത്തിയ ലാമ്പ്ഡ വകഭേദത്തിന്റെ സാന്നിദ്ധ്യം ബ്രിട്ടനില്കണ്ടെത്തിയത് ആശങ്കയുണർത്തിയിട്ടുണ്ട്. എങ്കിലും, സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളതുപോലെ ജൂലായ് 19 ന് തന്നെനിയന്ത്രണങ്ങൾ എല്ലാം എടുത്തുകളയുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
രോഗവ്യാപനത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിനനുസരിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നില്ലെന്നത് ആശ്വാസം പകരുന്നുണ്ട്. അതുപോലെ ഇപ്പോൾ കണ്ടെത്തിയ ലാമ്പ്ഡ വകഭേദം ലോകത്തിൽ തന്നെ വളരെ കുറച്ചുപേരെ മാത്രമേ ബാധിച്ചിട്ടുള്ളു എന്ന വസ്തുതയും കണക്കിലെടുത്താണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് നീട്ടേണ്ടെന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പുതിയ കണക്കനുസരിച്ച് കഴിഞ്ഞയാഴ്‌ച്ച 1,11,157 പേരിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. തൊട്ടുമുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 46 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ആറുപേരിൽ മാത്രമാണ് പെറുവിൽ നിന്നുള്ള ലാമ്പ്ഡ വകഭേദം കണ്ടെത്തിയിട്ടുള്ളത്. അതായത്, ഡെല്റ്റ വകഭേദമാണ് കൂടുതൽ മാരകം. എന്നാൽ, വാക്സിൻ പ്രതീക്ഷിച്ച ഫലം നൽകുന്നതിനാൽ, രോഗം അധികമാളുകളിലും ഗുരുതരമാകാതെ പോകുന്നു. ഇത് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികലുടെ എണ്ണം വർദ്ധിക്കാതെ തടയുന്നു.
ഏതൊരു വാക്സിന്റെയും ആദ്യ ഡോസ് ആശുപത്രി പ്രവേശനം 80 ശതമാനം വരെയും രണ്ടു ഡോസുകളും എടുത്താൽ 96 ശതമാനം വരെയും തടയുന്നു എന്നാണ് ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത് തികച്ചും ആത്മവിശ്വാസം പകരുന്ന ഒരു കാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത് നീട്ടേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
അതിനിടയിൽ, വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് വിദേശയാത്രകളിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചനകൾ നൽകി. കോവിഡ് പ്രതിസന്ധിയിൽ തകർച്ചയുടെ നെല്ലിപ്പലക കണ്ട വിമാന കമ്പനികൾക്ക് ആശ്വാസം പകരുന്ന ഒരു തീരുമാനമായിരിക്കും ഇത്. വരുന്ന വ്യാഴാഴ്‌ച്ച ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും എന്നാണ് ബോറിസ് ജോൺസൺ അറിയിച്ചിട്ടുള്ളത്.
വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർ വിദേശയാത്രകഴിഞ്ഞ് തിരികെയെത്തുമ്പോൾ ക്വാറന്റൈന് വിധേയരാകേണ്ട എന്ന് സർക്കാർ തീരുമാനിച്ചാൽ, ഈ വേനൽക്കാലത്ത് വിമാന സർവ്വീസുകൾ നടത്തുന്ന കമ്പനികൾക്ക് ഒരു ഉയർത്തെഴുന്നേൽപിന് സഹായകരമാകും. ജൂലായ്-ആഗസ്റ്റിലെ സീസൺ കാലത്തിനു മുമ്പായി വിദേശയാത്രാ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്ന ആവശ്യം ശക്തിയായി ഉയരുന്നുണ്ട്.

