- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി വീണാ ജോർജ് പ്ലാച്ചിമട കോവിഡ് ചികിത്സാകേന്ദ്രം സന്ദർശിച്ചു
തിരുവനന്തപുരം: പ്ലാച്ചിമടയിൽ കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ സി.എസ്.എൽ.ടി.സി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ സ്ഥലത്ത് ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, എൻ.എച്ച്.എം. എന്നിവയുടെ സഹകരണത്തോടെയാണ് സി.എസ്.എൽ.ടി.സി. സജ്ജമാക്കിയത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു.
ഒരു മാസം കൊണ്ട് കോവിഡ് ചികിത്സാ കേന്ദ്രം തയ്യാറാക്കിയ എല്ലാവരേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ശ്രമഫലം ഏറെ പ്രകീർത്തിക്കേണ്ടതാണ്. പ്രദേശത്തെ തൊഴിലാളികളുടെ പ്രവർത്തനങ്ങളും അഭിനന്ദനീയമാണ്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ പോസിറ്റീവ് കേസുകൾ ഉയരാനുള്ള സാധ്യത മുൻനിർത്തിയും പ്രദേശത്തുള്ള ആദിവാസി ജനവിഭാഗം കൂടുതലായുള്ള പ്രദേശമായതിനാലും ഈ പദ്ധതി കൂടുതൽ പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നു മുതൽ ഈ കേന്ദ്രത്തിൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. 34 ഏക്കർ ക്യാംപസിൽ 35000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ കുറഞ്ഞത് 500 ബെഡുകളാണ് സജ്ജമാക്കിയത്. ഓക്സിജൻ ലൈനുകൾ തയ്യാറാക്കാൻ കഴിയുന്ന രീതിയിലുള്ള എയർ കണ്ടീഷനിങ് സൗകര്യത്തോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, ഗ്രീൻ സോൺ തയ്യാറാക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങൾ, ലാബ്, ഫാർമസി എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള സൗകര്യങ്ങൾ ഇവിടെ നിലവിലുണ്ട്. കാമ്പസിനകത്ത് ധാരാളം സ്ഥലമുള്ളതിനാൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കുന്നതിനും 500 ബെഡുകൾക്കനുസൃതമായ ടോയ്ലറ്റ് സൗകര്യം ഒരുക്കുന്നതിനും രോഗികൾക്കുള്ള കാന്റീൻ തയ്യാറാക്കുന്നതിനും സൗകര്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി, ജില്ലാ കലക്ടർ മൃൺമയി ജോഷി, ഡി.എം.ഒ ഡോ. കെ.പി. റീത്ത തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.