- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലത്തെ 18,000 കടന്ന രോഗസംഖ്യ ഭയപ്പെടുത്തുന്നത്; മരണവും ഇരുപതിലധികം; കോവിഡിനെ കീഴ്പ്പെടുത്തിയെങ്കിലും എല്ലാം ശരിയാകാതെ ബ്രിട്ടൻ

ബ്രിട്ടനിലെ രോഗവ്യാപനതോതിൽ ഒരാഴ്‌ച്ച കൊണ്ട് ഉണ്ടായത് 80 ശതമാനത്തിന്റെ വർദ്ധനവ്. 18,270 പേർക്കാണ് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ച ഇത് 10,321 ആയിരുന്നു. ഫെബ്രുവരി 5 ന് ശേഷമുള്ള ഏറ്റവും കൂടിയ രോഗവ്യാപന തോത് ആണിത്. മാത്രമല്ല, പ്രതിദിന മരണസംഖ്യയിലും കാര്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രതിദിന കോവിഡ് മരണസംഖ്യ, കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 63 ശതമാനം വർദ്ധിച്ച് 23 ആയി. കഴിഞ്ഞ ശനിയാഴ്‌ച്ച 14 കോവിഡ് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ, അപ്പോഴും, വാക്സിൻ പദ്ധതി ഫലവത്താണെന്ന് അടിവരയിട്ടു തെളിയിച്ചുകൊണ്ട് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ മാത്രം വർദ്ധനവ് ഉണ്ടാകുന്നില്ല. രോഗവ്യാപനം നിയന്ത്രണാധീനമായി എന്നതിന്റെ തെളിവായും ശാസ്ത്രജ്ഞർ ഇതിനെ കാണുന്നു.
സ്‌കോട്ട്ലാൻഡിൽ കോവിഡ് പരിശോധന വ്യാപകമാക്കിയതോടെ ഒരൊ ദിവസവും വളരെയധികം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെടുന്നത്. രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ, ഇക്കഴിഞ്ഞ ജനുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണ് ഇപ്പോൾ ഇവിടെ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം. ജനുവരി 7 ന് 2,650 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു, ഇതുവരെ സ്‌കോട്ട്ലാൻഡിൽ സ്ഥിരീകരിച്ച ഏറ്റവും കൂടിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. എന്നാൽ, ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച 3000 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്‌ച്ചയോടു കൂടി ഇത് 1,700 ആയി താഴ്ന്നു എങ്കിലും ഇന്നലെ വീണ്ടും കുതിച്ചുയർന്ന് 2,836 ആയി. ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദമാണ് സ്‌കോട്ട്ലാൻഡിൽ ഇപ്പോൾ കാട്ടുതീപോലെ പടർന്ന് പിടിക്കുന്നത്. എന്നാൽ, ഇവിടെയും ചികിത്സതേടി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസം പകരുന്നു. നേരത്തേ സ്‌കോട്ട്ലാൻഡിലെ രോഗവ്യാപനതോത് ഇപ്പോഴുള്ളതിനോട് സമാനമായിരുന്ന നാളുകളിൽ 1000 രോഗികൾ വരെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് 200 ൽ താഴെയാണ്.
വാക്സിന്റെ കാര്യക്ഷമതയെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭ്യമായതോടെ ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇത് ജൂലായ് 5 ലേക്ക് ആക്കണമെന്ന ചില ഭരണകക്ഷി എം പിമാരുടെ ആവശ്യത്തിനു പക്ഷെ സർക്കാർ വഴങ്ങില്ല. അതേസമയം, രോഗവ്യാപാനം ഇപ്പോഴും നിയന്ത്രണാധീനമായിട്ടില്ലെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി വെളിപ്പെടുത്തുന്നത്. രോഗപകർച്ചയുടെ തോതിനെ സ്വാധീനിക്കുന്ന ആർ നിരക്ക് ഇപ്പോഴും 1.2 നും 1.4 നും ഇടയിൽ തന്നെ നിൽക്കുകയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഒരിക്കൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത നിശ്ചയിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ഒന്നായിരുന്നു ആർ നിരക്കെങ്കിൽ, ഇപ്പോൾ അതിന് വലിയ പ്രാധാന്യം നൽകുന്നില്ല. ചികിത്സതേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും മരണനിരക്കുമാണ് ഇപ്പോൾ രോഗവ്യാപനത്തിന്റെ തീവ്രത നിശ്ചയിക്കുവാൻ ഉപയോഗിക്കുന്നത്.

