- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിക്കും മേഗനും നാവടക്കാൻ അവസാന അവസരം നൽകി ബ്രിട്ടീഷ് രാജ്ഞി; പ്ലാറ്റിനം ജൂബിലിയിലേക്ക് ദമ്പതികൾക്ക് ക്ഷണം; ബാൽക്കണിയിൽ കയറാനാകുമോ എന്ന് ആശങ്ക
എത്രയൊക്കെ കുരുത്തക്കേടുകൾ കാണിച്ചാലും ഒരു മുത്തശ്ശിക്ക് തന്റെ കൊച്ചുമക്കളെ വെറുക്കാൻ കഴിയില്ല. ഈ സത്യം തന്റെ പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് എലിസബത്ത് രാജ്ഞി. തന്നെയും കുടുംബത്തേയും പരസ്യമായി അവഹേളിച്ചിട്ടും, ഹാരിയോട് രാജ്ഞിക്ക് ഇന്നും ഉള്ളത് സ്നേഹം മാത്രം. കുടുംബത്തോട് ഒത്തുചേരുവാൻ ഹാരിക്കും മേഗനും ഒരു അവസരം കൂടി നൽകുകയാണ് രാജ്ഞി. വരുന്ന വേനലിൽ ആഘോഷിക്കാനിരിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ രാജകുടുംബത്തോടൊപ്പം ചേരുവാൻ അവരെയും ക്ഷണിച്ചിരിക്കുന്നു.
അടുത്തവർഷം ജൂണിൽ നടക്കുന്ന രാജ്ഞിയുടെ ജന്മദിന പരേഡിലെ പ്രധാന ആകർഷകമായ ട്രൂപ്പിങ് ദി കളറിൽ ഹാരിയും മേഗനും പങ്കെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ, റോയൽ എയർഫോഴ്സിന്റെ പരമ്പരാഗത പരേഡ് നടക്കുമ്പോൾ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ രാജ്ഞിക്കും മറ്റ് മുതിർന്ന രാജകുടുംബാംഗങ്ങൾക്കുമൊപ്പം ഇവർ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പക്ഷെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതിനു മുൻപ് നടന്ന ജൂബിലിയാഘോഷങ്ങളിൽ രണ്ടു മട്ടുപ്പാവുകൾ രാജകുടുംബാംഗങ്ങൾക്കായി ഒരുക്കിയിരുന്നു.
എന്നാൽ, ഇത്തവണ ഈ സൗകര്യം മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ തങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നവർക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തുവാനാണ് കൊട്ടാരം അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ, ഹാരിക്കും മേഗനും രാജ്ഞിക്കൊപ്പം മട്ടുപ്പാവിൽ കയറാനാകാതെ വരും. എന്നിരുന്നാൽ കൂടി ഹാരിയേയും മേഗനേയും ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചതു തന്നെ രാജ്ഞിയുടെ മഹാമനസ്‌കതയുടെ തെളിവാണെന്ന് കൊട്ടാരം നിരീക്ഷകർ പറയുന്നു.
മട്ടുപ്പാവിൽ നിൽക്കുന്നവരുടെ വിശദാംശങ്ങൾ ആഘോഷങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമായിരിക്കും തീരുമാനിക്കുക. എന്നാൽ, രാജകുടുംബാംഗം എന്നരീതിയിലുള്ള കടമ നിർവ്വഹിക്കുന്നവർക്കായിരിക്കും മുൻഗണന നൽകുക. അങ്ങനെ വരുമ്പോൾ ഹാരിക്കും മേഗനും പ്രത്യേക പരിഗണന ലഭിക്കാതെ വരും. അടുത്ത ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് രാജ്ഞി സിംഹാസനമേറിയതിന്റെ എഴുപതാം വാർഷികം ആഘോഷിക്കുക. എന്നാൽ ജൂൺ 2 മുതൽ 5 വരെയുള്ള ദിവസങ്ങളായിരിക്കും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ.
ഡയമണ്ട് ജൂബിൽ ആഘോഷങ്ങൾക്കും മട്ടുപ്പാവിൽ രാജ്ഞിയോടൊപ്പം നിൽക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. അന്ന് ചാൾസ് രാജകുമാരനും കാമിലയും, വില്യമും കെയ്റ്റും പിന്നെ അവിവാഹിതനായ ഹാരിയും മാത്രമായിരുന്നു രാജ്ഞിക്കൊപ്പം മട്ടുപ്പാവിൽ ഉണ്ടായിരുന്നത്. ഫിലിപ്പ് രാജകുമാരൻ സുഖമില്ലാതിരുന്നതിനാൽ അന്ന് ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നില്ല. മട്ടുപ്പാവിൽ രാജ്ഞിക്കൊപ്പം നിൽക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെതിരെ അന്ന് ആൻഡ്രൂ രാജകുമാരൻ രോഷാകുലനായി പ്രതികരിച്ചിരുന്നു. പ്രധാന ആഘോഷങ്ങളിൽ നിന്നെല്ലാം ചാൾസ് തന്നെ ഒഴിവാക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.