സെവിയ്യ: യൂറോകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. റെക്കോർഡ് ഗോളിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും യൂറോ കപ്പിൽ നിന്നു പുറത്താകുക ആയിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിന് വിജയം കൊയ്ത ബൽജിയം ക്വാർട്ടർ ഫൈനൽ കടന്നു.

42ാം മിനിറ്റിൽ തോർഗൻ ഹസാർഡിന്റെ തകർപ്പൻ ലോങ് റേഞ്ചറിലാണ് ബെൽജിയം വിജയം പിടിച്ചത്. ലുക്കാക്കുവും ഏദൻ ഹസാർഡും ഡിബ്രുയ്നും മുനിയറും ചേർന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിന് പുറത്തു നിന്ന് പന്ത് ലഭിച്ച തോർഗൻ ഹസാർഡിന്റെ വലംകാലനടി റുയി പട്രീസിയോയെ നിസ്സഹായനാക്കി വലയിലെത്തുകയായിരുന്നു. മ്യൂണിക്കിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇറ്റലിയാണ് ബെൽജിയത്തിന്റെ എതിരാളികൾ.

രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്‌ബോളിൽ ഒറ്റയ്ക്ക് ഒന്നാമതെത്തുന്നതു കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് താരത്തിന്റെ മടക്കം. 109 ഗോളുകളുമായി ഇറാന്റെ അലി ദേയിക്കൊപ്പം നിൽക്കുകയാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ.

2-ാം പകുതിയുടെ തുടക്കത്തിൽ കാൽമുട്ടിനു വേദന അലട്ടിയതിനെത്തുടർന്ന് മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്‌നെ പുറത്തു പോയെങ്കിലും ബൽജിയത്തിന്റെ ആത്മവിശ്വാസം ചോർന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ തുടർ മുന്നേറ്റങ്ങളുമായി പോർച്ചുഗൽ എതിർ ഗോൾമുഖം റെയ്ഡ് ചെയ്‌തെങ്കിലും ബൽജിയം പിടിച്ചു നിന്നു. 83-ാം മിനിറ്റിൽ റാഫേൽ ഗുറെയ്‌റോയുടെ ഷോട്ട് പോസ്റ്റിലിടിച്ചതും പോർച്ചുഗലിനു ദൗർഭാഗ്യമായി.

ഇതിനിടെ 48-ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്ൻ പരിക്കേറ്റ് പിന്മാറിയത് ബെൽജിയത്തിനും തിരിച്ചടിയായി. താരത്തിന്റെ അഭാവം രണ്ടാം പകുതിയിലെ ബെൽജിയത്തിന്റെ കളിയിൽ പ്രകടമായിരുന്നു. ബൽജിയം പോർച്ചുഗൽ കളിയിൽ റഫറി ആകെയുയർത്തിയത് 5 മഞ്ഞക്കാർഡുകൾ. പരുക്കനായി മാറിയ കളിയിൽ ബൽജിയത്തിനു രണ്ടും പോർച്ചുഗലിനു മൂന്നും മഞ്ഞക്കാർഡുകൾ ലഭിച്ചു.

ഡച്ച് നിരയെ തകർത്ത് ചെക്ക് റിപ്പബ്ലിക്ക്

ബുഡാപെസ്റ്റ്: ഡച്ച് നിരയെ തകർത്ത് ചെക്ക് റിപ്പബ്ലിക്ക് യൂറോ കപ്പിന്റെ ക്വാർട്ടറിൽ. നെതർലൻഡ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് ചെക്ക് ടീമിന്റെ ക്വാർട്ടർ പ്രവേശനം. തോമസ് ഹോൾസ്, പാട്രിക് ഷിക്ക് എന്നിവരാണ് ചെക്ക് ടീമിന്റെ ഗോളുകൾ നേടിയത്.

55-ാം മിനിറ്റിൽ പ്രതിരോധ നിര താരം ഡിലൈറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ ഡച്ച് നിര കളി കൈവിടുകയായിരുന്നു. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി കളംപിടിച്ചത് ഡച്ച് നിരയായിരുന്നെങ്കിലും മികച്ച പ്രത്യാക്രമണങ്ങളിലൂടെ ചെക്ക് ടീമും ഡച്ച് ഗോൾമുഖം വിറപ്പിച്ചു.

എട്ടാം മിനിറ്റിൽ ഫ്രാങ്കി ഡിയോങ്ങിന്റെ ക്രോസിൽ നിന്ന് മുന്നിലെത്താനുള്ള സുവർണാവസരം മെംഫിസ് ഡിപായ് നഷ്ടപ്പെടുത്തി. പോസ്റ്റിന് മുന്നിൽ വെച്ച് ഡിലൈറ്റ് ഹെഡ് ചെയ്ത പന്തായിരുന്നു ഡിപായ്ക്ക് ലഭിച്ചത്.

22-ാം മിനിറ്റിൽ ചെക്കിന്റെ സുചെക്കും അവസരം നഷ്ടപ്പെടുത്തി. സെവിച്ച് ബോക്സിലേക്ക് നീട്ടിയ ക്രോസിൽ നിന്നുള്ള സുചെക്കിന്റെ ഹെഡർ പുറത്തേക്ക് പോകുകയായിരുന്നു. 28-ാം മിനിറ്റിൽ പാട്രിക് ഷിക്കിന്റെ ഷോട്ട് ഡച്ച് ഗോൾകീപ്പർ സ്റ്റെക്ലൻബർഗ് കൈപ്പിടിയിലാക്കി.

31-ാം മിനിറ്റിൽ മാലന്റെ ഷോട്ട് ചെക്ക് താരം സെലസ്‌ക തടയുകയും ചെയ്തു. 38-ാം മിനിറ്റിൽ ചെക്ക് താരം ബരാക്കിനാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. പക്ഷേ ഡിലൈറ്റ് കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കി.

52-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ ലഭിച്ച അവസരം ഡോൺയെൽ മാലന് മുതലാക്കാൻ സാധിക്കാതിരുന്നതും ഡച്ച് ടീമിന് തിരിച്ചടിയായി. മാലന്റെ മുന്നേറ്റം ചെക്ക് ഗോൾകീപ്പർ വാസ്ലിക് തടയുകയായിരുന്നു.

പിന്നാലെ 55-ാം മിനിറ്റിൽ മത്സരത്തിന്റെ ഫലം നിർണയിച്ച സംഭവം അരങ്ങേറി. പെനാൽറ്റി ബോക്സിനടുത്ത് വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ഡിലൈറ്റിന് ചുവപ്പുകാർഡ് ലഭിച്ചു. ആദ്യം മഞ്ഞക്കാർഡുയർത്തിയ റഫറി പിന്നീട് വാർ പരിശോധിച്ച ശേഷം താരത്തിന് ചുവപ്പു കാർഡും മാർച്ചിങ് ഓർഡറും നൽകുകയായിരുന്നു.

10 പേരായി ചുരുങ്ങിയ ഡച്ച് നിരയ്ക്കെതിരേ ചെക്ക് റിപ്പബ്ലിക്ക് ആക്രമണം ശക്തമാക്കി. 68-ാം മിനിറ്റിൽ തോമസ് ഹോൾസിന്റെ ഹെഡറിലൂടെ അവർ മുന്നിലെത്തി. ചെക്ക് ടീമിന് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നായിരുന്നു ഗോളിന്റെ പിറവി.

പിന്നാലെ 80-ാം മിനിറ്റിൽ പാട്രിക് ഷിക്കിലൂടെ അവർ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. ഹോൾസിന്റെ മുന്നേറ്റമാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. ഡിലൈറ്റ് പുറത്തായതോടെ തന്നെ കളികൈവിട്ട ഡച്ച് നിരയ്ക്ക് പിന്നീട് കാര്യമായ പോരാട്ടം പോലും കാഴ്ചവെയ്ക്കാനായില്ല. വൈനാൾഡം, ഡീപായ്, ഡിയോങ് എന്നിവർക്കൊന്നും മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാതിരുന്നതും ടീമിനെ ബാധിച്ചു.