ഈറോഡ്: കോവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നൽകിയത് വിഷ ഗുളികകൾ കഴിച്ച് അമ്മയും മകളും മരിച്ചു. പഞ്ചായത്തിലെ കോവിഡ് പരിശോധനാ സംഘത്തിലെ അംഗമെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് കോവിഡ് പ്രതിരോധ മരുന്നെന്നു പറഞ്ഞു നൽകിയ ഗുളികകൾ കഴിച്ചതിന് പിന്നാലെ അമ്മയും മകളും മരിക്കുക ആയിരുന്നു.

ചന്നിമല കെജി വലസ്സ് പെരുമാൾമലൈ കറുപ്പണ്ണ കൗണ്ടറുടെ ഭാര്യ മല്ലിക (55), മകൾ ദീപ (30) എന്നിവരാണു മരിച്ചത്. സംഭവത്തിൽ അയൽവാസിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണു ഗുളികകൾ നൽകിയത്. ഇതു കഴിച്ചു കറുപ്പണ്ണയടക്കം മൂന്നുപേർക്കും അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നു മല്ലികയെ ഈറോഡ് സ്വകാര്യ ആശുപത്രിയിലും, മറ്റു രണ്ടുപേരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടു മല്ലികയും ഇന്നലെ രാവിലെ ദീപയും മരിച്ചു.

പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കൊലപാതകമെന്നു കണ്ടെത്തി. കറുപ്പണ്ണ കൗണ്ടർ അയൽവാസിയായ കല്യാണസുന്ദരത്തിനു 7 ലക്ഷം രൂപ വായ്പ നൽകിയിരുന്നു. ഇതിന് അമിത പലിശ ചോദിച്ചതിന്റെ വിദ്വേഷത്തിൽ വിഷഗുളികകളുമായി യുവാവിനെ അയച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.