യെരുശലേം: സൈനികരെ യുദ്ധ മേഖലയിൽ രക്ഷിക്കാൻ ഇസ്രയേലിന്റെ പുതിയ തന്ത്രം. പ്രതിരോധത്തിൽ ഇസ്രയേലിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന ചർച്ച സജീവമാക്കുന്നതാണ് പുതിയ കണ്ടു പിടിത്തം. നഗ്‌നനേത്രങ്ങൾക്കും തെർമൽ ഇമേജിങ് സാങ്കേതികവിദ്യയ്ക്കും തിരിച്ചറിയാനാകാത്ത വിധം സൈനികരെ മറയ്ക്കുന്നതാണ് പുതിയ സംവിധാനം. ഈ കിറ്റുകൾ കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലെ സേനകൾക്കും നൽകാൻ പൊളാരിസ് പദ്ധതിയിടുന്നുണ്ട്.

കാമഫ്ളാജ് സാങ്കേതികവിദ്യ വികസിപ്പിച്ച് ഇസ്രയേലി പ്രതിരോധ വകുപ്പ് പുതിയ യുദ്ധ തന്ത്രത്തിന് രൂപം നൽകുകയാണ്. പൊളാരിസ് എന്ന ടെക് കമ്പനിയുടെ സഹകരണത്തോടെയാണു കിറ്റ് 300 എന്നു പേരിട്ടിരിക്കുന്ന കാമഫ്ളാജ് വിദ്യ വികസിപ്പിക്കപ്പെട്ടിരിക്കുന്നത്. യുദ്ധ മുന്നണിയിൽ ഏറെ നിർണ്ണായകമാകും ഇത്. ആഭ്യന്തര പ്രശ്‌നങ്ങൾക്കൊപ്പം അയൽരാജ്യങ്ങളിൽ നിന്നും ആക്രമണ ഭീഷണിയുമുള്ള ഇസ്രയേലിനെ ഈ കണ്ടു പിടിത്തം കൂടുതൽകരുത്തരാക്കും.

ആധുനിക സൈന്യങ്ങളെല്ലാം തന്നെ പോരാട്ടവേളയിൽ കാമഫ്ളാജ് യൂണിഫോമുകൾ അണിയാറുണ്ട്. പശ്ചാത്തലവുമായി ഇഴുകിച്ചേരുന്ന രീതിയിൽ സ്വയം മറയ്ക്കപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നത്. കാട്ടിലാണെങ്കിൽ പച്ചില കൊണ്ടുള്ള വസ്ത്രങ്ങൾ സൈനികർ ധരിക്കും. ഇന്ത്യ പോലും ഇത്തരം വേഷങ്ങളുമായാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് അടക്കം സൈനികരെ അയയ്ക്കുന്നത്. ഇത്തരം വേഷങ്ങളിൽ മറയ്ക്കപ്പെടുന്തോറും ശത്രു തിരിച്ചറിയാനും ആക്രമണമുണ്ടാകാനും സാധ്യത കൂടുതലാണ്.

തെർമൽ ഇമേജിങ് ഗോഗിളുകൾക്കു കാമഫ്ളാജ് വേഷങ്ങൾ അണിഞ്ഞ സൈനികരെ കണ്ടെത്താൻ കഴിയും. ഈ ന്യൂനത മറികടന്നാണ് ഇസ്രയേലിന്റെ പുതിയ കണ്ടെത്തൽ. താപവികിരണങ്ങളെയും തടയുന്ന ഇതു ധരിച്ച സൈനികർ ഏറെക്കുറെ അദൃശ്യരാണ്. ലോഹങ്ങൾ, മൈക്രോഫൈബർ, പോളിമർ പദാർഥങ്ങൾ എന്നിവയെല്ലാം കൂട്ടിച്ചേർത്താണു കിറ്റ് 300 ന്റെ നിർമ്മാണം.

ശരീരത്തിനു ചുറ്റും ഈ കിറ്റ് ആവരണം ചെയ്താൽ എതിർ സൈനികർക്ക് ഒരു മരക്കുറ്റിയായോ അല്ലെങ്കിൽ പാറയായോ മാത്രമേ ഇതു ധരിക്കുന്നവരെ കാണാനൊക്കു. ഈ ഷീറ്റുകൾ കൂട്ടമായി കെട്ടി ടെന്റ് പോലെ സ്ഥാപിച്ച് അതിനകത്ത് സൈനികർക്ക് കഴിയുകയും പടക്കോപ്പുകൾ ഒരുക്കുകയും ചെയ്യാം. ആരും ഒന്നും കണ്ടെത്തില്ല.

പശ്ചാത്തലവുമായി തീർത്തും ഇണങ്ങി നിൽക്കുന്നതിനാൽ ഇങ്ങനെയൊരു ടെന്റ് അവിടെ സ്ഥിതി ചെയ്യുന്നുണ്ടെന്നു മറ്റുള്ളവർക്കു മനസ്സിലാകില്ല. അരക്കിലോ മാത്രം ഭാരം വരുന്ന ഈ ഷീറ്റിനു വേറെയും പലവിധ ഉപയോഗങ്ങളുണ്ട്. പടക്കളത്തിൽ പരുക്കേറ്റു വീഴുന്ന സൈനികരെ ഇതിനകത്തു പൊതിഞ്ഞു സുരക്ഷിതമായി കൊണ്ടു പോകാം. എതിരാളികൾ ഇത് കണ്ടു പിടിക്കില്ല.

തണുപ്പു കൂടിയ ഘട്ടങ്ങളിൽ സൈനികർക്കു സംരക്ഷണത്തിനായും ഈ ഷീറ്റ് ഉപയോഗിക്കാം. ഇസ്രയേൽ സൈന്യത്തിന്റെ ലബനൻ യുദ്ധത്തിൽ മുൻപ് പങ്കെടുത്ത അസാഫ് പിസിയോട്ടോ എന്നയാളാണു പൊളാരിസ് കമ്പനിയുടെ ഉടമസ്ഥൻ. യുദ്ധരംഗത്തെ സ്വന്തം അനുഭവങ്ങൾ മനസ്സിലാക്കിയാണു അസാഫ് ഈ കിറ്റ് തയാർ ചെയ്തത്.