മ്മ ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തുമ്പോൾ ഹാരിയും വില്യമും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെക്കുറെ പറഞ്ഞുതീർക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. അത്തരത്തിലൊന്ന് സംഭവിക്കുകയില്ലെന്ന് അവരുടെ സുഹൃത്തുക്കളിൽ ഒരാൾ വ്യക്തമാക്കി. ജൂലായ് 1 ന് കെൻസിങ്ടൺ കൊട്ടാരത്തിൽ നടക്കുന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കുമെങ്കിലും അവർ തമ്മിൽ സ്വകാര്യ സംഭാഷണത്തിനുള്ള സാധ്യത വിരളമാണെന്നാണ് ഇരുവരുടെയും പൊതുസുഹൃത്തുക്കൾ പറയുന്നത്.

കഴിഞ്ഞ മാർച്ചിൽ സംപ്രേഷണം ചെയ്ത, ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിനു ശേഷം കുടുംബാംഗങ്ങളുമായുള്ള ഹാരിയുടെ ബന്ധം അത്ര സുഖകരമല്ല. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ പലരും ഹാരിയോട് തണുപ്പൻ സമീപനമായിരുന്നു സ്വീകരിച്ചത്. അതേസമയം, അതുകഴിഞ്ഞ് ഒരു ടോക്ക് ഷോയിൽ അവതാരകനായി പങ്കെടുത്തുകൊണ്ട് ഹാരി പറഞ്ഞത് താൻ ഇപ്പോഴുസഹോദരൻ വില്യമിനെ സ്നേഹിക്കുന്നു എന്നായിരുന്നു.

അമ്മയുടെ മരണശേഷമുണ്ടായദുരവസ്ഥയും മാനസിക വ്യഥയും തങ്ങൾ ഒരുമിച്ചാണ് അനുഭവിച്ചത് എന്നുപറഞ്ഞ ഹാരി പക്ഷെ എന്നും തങ്ങളുടെ വഴികൾ തീർത്തും വ്യത്യസ്തമായിരുന്നു എന്നും പറഞ്ഞുവച്ചു. ജൂലായ് 1 നുള്ള പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ വെള്ളിയാഴ്‌ച്ച തന്നെ ഹാരി ബ്രിട്ടനിലെത്തിൽ ഫ്രോഗ്മോർ കോട്ടേജിൽ നിയമപരമായ ക്വാറന്റൈന് വിധേയനാവുകയാണ് ഹാരി ഇപ്പോൾ.

അതേസമയം, തനിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയിട്ടും, ഹാരിയോടും മേഗനോടും പ്രതികാര ചിന്തയൊന്നും ഇല്ലാതെ കുടുംബത്തി വീണ്ടും ഇണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് കെയ്റ്റ് രാജകുമാരി എന്നാണ് പുറത്തുവ്രരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ കെയ്റ്റ് പങ്കെടുക്കുകയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ പരിപാടിയുടെ ആസൂത്രണത്തിൽ പിന്നണിയിൽ നിന്നും സജീവമായ പ്രവർത്തനങ്ങൾ അവർ നടത്തുന്നുണ്ട്.

കുടുംബത്തിനെ നാണം കെടുത്തുന്ന രീതിയിൽ പലതും ടോക്ക്ഷോയിലൂടെ പറഞ്ഞ അനുജനോട് ക്ഷമിക്കാൻ വില്യമിനാകുമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. എന്നാൽ, ഭർത്താവിന് വേണ്ട എല്ലാ പിന്തുണയും നൽകി, ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് കെയ്റ്റ് എന്നാണ് ചില കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. സഹോദരന്മാർ തമ്മിലുള്ള പിണക്കം മാറ്റുവാൻ ഇപ്പോഴും വൈകിയിട്ടില്ല എന്നുതന്നെയാണ് കെയ്റ്റ് വിശ്വസിക്കുന്നതെന്ന് അവരുടെ സുഹൃത്തുക്കളും പറയുന്നു.

ഏതായാലും ചടങ്ങിനിടയിൽ ഇരുവരും പരസ്യ പ്രതികരണങ്ങൾക്കൊന്നും മുതിരുകയില്ലെന്ന് ഉറപ്പാണ്. എന്നാൽ, പലരും പ്രതീക്ഷിച്ചിരുന്നതുപോലെ അവർക്കിടയിൽ ഒരു ഒത്തുതീർപ്പിന് ഒരു സാധ്യതയുമില്ല. ഒരുപക്ഷെ ഇരുവരും പൊതുവേദിയിൽ പരസ്പരം അഭിവാദ്യം ചെയ്തേക്കാമെങ്കിലും ചടങ്ങിനു മുൻപോ അതിനു ശേഷമോ ഒരു സ്വകാര്യ സംഭാഷണത്തിന് സാധ്യത തീരെയില്ല.