കോപ്പൻഹേഗൻ: യൂറോകപ്പ് ചരിത്രത്തിലെ അതിമനോഹരമായ മത്സരത്തിലൂടെ ക്രൊയേഷ്യയെ മറികടന്ന് സ്‌പെയിൻ ക്വാർട്ടറിൽ പ്രവേശിച്ചു. സെൽഫ് ഗോൾ.. സൂപ്പർ ഗോൾ.. ഇൻജുറി ടൈം ഗോൾ.. അടിക്ക് തിരിച്ചടി നൽകി അഴകേറിയ ഒരു സ്‌പെയിൻ ത്രില്ലറിനായിരുന്നു ഇന്നലെ പാർക്കെൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 5-3ന് ആയിരുന്നു സ്‌പെയിനിന്റെ വിജയം. ആദ്യ പകുതിയിൽ 2 ഗോളുകളും ഇടവേളയ്ക്കു ശേഷം 4 ഗോളും അധികസമയത്ത് 2 ഗോളുകളും വലയിലെത്തി.

എക്സ്ട്രാ ടൈമിൽ രണ്ടു ഗോളുകൾ കൂടി നേടിയാണ് സ്പെയ്ൻ മത്സരം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. പാബ്ലോ സരാബിയ, സെസാർ അസ്പിലിക്വെറ്റ, ഫെറാൻ ടോറസ്, അൽവാരോ മൊറാട്ട, മൈക്കൽ ഒയർസബാൽ എന്നിവരാണ് സ്പാനിഷ് ടീമിനായി സ്‌കോർ ചെയ്തത്. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന രണ്ടാമത്തെ മത്സരമാണിത്.

കളിയുടെ തുടക്കം മുതൽ തന്നെ നിയന്ത്രണം ഏറ്റെടുത്ത സ്പാനിഷ് നിര മികച്ച ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ 20-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിന്റെ പിഴവിൽ നിന്ന് ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. മൈതാന മധ്യത്തു നിന്ന് പെഡ്രി നൽകിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതിൽ സിമോണിന് സംഭവിച്ച അബദ്ധമാണ് ഗോളിന് കാരണമായത്. താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിൽ.

വളരെ നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോൾ സെൽഫ് ഗോൾ വഴങ്ങുന്നത് എന്തൊരു കഷ്ടമാണ് എന്നു പറയുന്നതു പോലെയായിരുന്നു ആദ്യ ഗോളിന്റെ പിറവി. സ്‌പെയിൻ ഗോൾ കീപ്പർ ഉനായ് സിമോണിന്റെ പിഴവാണു ക്രൊയേഷ്യയ്ക്കു ലീഡ് നൽകിയത്. മൈതാനമധ്യത്തുനിന്ന് പെഡ്രി നീട്ടിയ ബാക്ക് പാസിൽ നിന്നു സിമോൺ കണ്ണെടുത്തു. വീണ്ടും കണ്ണുവയ്ക്കുമ്പോഴേക്കും പന്ത് വലയിലത്തി(10).

84-ാം മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിലായിരുന്ന ക്രൊയേഷ്യ എഴു മിനിറ്റിനിടെ രണ്ടു ഗോളുകൾ വലയിലെത്തിച്ചാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്പാനിഷ് ഗോൾകീപ്പർ സിമോണിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കായി മിസ്ലാവ് ഓർസിച്ചും മാരിയോ പസാലിച്ചുമാണ് ഗോളുകൾ നേടിയത്.

സ്‌പെയ്ൻ നിരയിലെ സരാബിയയും പെഡ്രിയും കോക്കെയും കൊടുത്തും വാങ്ങിയും മുന്നേറി ക്രൊയേഷ്യൻ ബോക്‌സിലേക്കു കുതിച്ചതിനു പിന്നാലെ കൂട്ടപ്പൊരിച്ചിൽ. സ്പാനിഷ് വിങ് ബാക്ക് ഹൊസെ ഗയയുടെ കരുത്തുറ്റ ഷോട്ട് ക്രൊയേഷ്യൻ കാവൽക്കാരൻ ഡൊമിനിക് ലിവക്കോവിച്ച് തട്ടിയകറ്റി. പത്തു വാരയകലെ കാത്തുനിന്ന സരാബിയ ഷോട്ട് തൊടുത്തതേയുള്ളൂ, പന്ത് വലയിൽ. (11).

റൈറ്റ് ബാക്ക് അസ്പിലിക്യുവേറ്റയുടെ ബുള്ളറ്റ് ഹെഡറിലൂടെ 2ാം പകുതിയുടെ തുടക്കത്തിൽത്തന്നെ സ്‌പെയിൻ ലീഡ് ഉയർത്തി. പെഡ്രിയുടെ മുന്നേറ്റത്തിനൊടുവിൽ ഇടതുമൂലയിൽനിന്ന് ഫെറാൻ ടോറസിന്റെ ക്രോസ് ക്രൊയേഷ്യൻ ബോക്‌സിലേക്ക്. ഉയർന്നു ചാടിയ ചെൽസി താരത്തിന്റെ ഹെഡർ മിന്നൽ വേഗത്തിൽ ലക്ഷ്യത്തിലേക്ക് (21).

വിങ് ബാക്ക് ഹൊസെ ഗയയെ വീഴ്‌ത്തിയതിനു ലഭിച്ച ഫ്രീകിക്കിനെത്തുടർന്നായിരുന്നു വിജയികളുടെ 3ാം ഗോൾ. വലതു വിങ്ങിലേക്ക് പോ ടോറസ് ഉയർത്തിയടിച്ച പന്തിലേക്ക് ഓടിക്കയറിയ ഫെറാൻ ടോറസ് ബോക്‌സിലേക്കു പറന്നു ചെന്നപ്പോൾ ക്രൊയേഷ്യൻ പ്രതിരോധ താരങ്ങൾ അടുത്തെങ്ങുമുണ്ടായിരുന്നില്ല. ഗോളി ലിവക്കോവിച്ചിന്റെ വിഫലശ്രമവും മറികടന്ന് ടോറസിന്റെ ഫൈനൽ ടച്ച് വലയിലേക്ക് (31).

സ്‌പെയിൻ വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു മിസ്‌ലാവ് ഓർസിച്ചിലൂടെ ക്രൊയേഷ്യയുടെ തിരിച്ചുവരവ്. പകരക്കാരുടെ കൂട്ടായ്മയിലൂടെ പിറന്ന ഗോൾ. ജോസിഫ് ബ്രെക്കലോയുടെ ത്രോ ആന്റെ ബുഡിമിറിലേക്ക്. തുടർന്നു നടത്തിയ നീക്കത്തിനൊടുവിൽ സ്പാനിഷ് ബോക്‌സിനകത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ സ്പാനിഷ് ഡിഫൻഡർ അസ്പിലിക്യുവേറ്റയുടെ ക്ലിയറൻസ് ഓർസിച്ചിന്റെ കാലിൽത്തട്ടി വല കടന്നു (23).

ഇൻജറി ടൈമിൽ ക്രൊയേഷ്യ വീണ്ടും ആഞ്ഞടിച്ചു. പെനൽറ്റി ബോക്‌സിനു സമാന്തരമായി ഇടതു ഫ്‌ളാങ്കിൽനിന്ന് ഓർസിച്ചിന്റെ ഇൻസ്വിങ്ങർ ക്രോസിനു പിന്നാലെ മാരിയോ പസാലിച്ചിന്റെ സൂപ്പർ ഹെഡറിൽ ക്രൊയേഷ്യ തുല്യത പിടിച്ചെടുത്തു (33).

അധികസമയത്തിന്റെ 10ാം മിനിറ്റിൽ ഡാനി ഓൽമോ വലതു വിങ്ങിൽ നിന്ന് ക്രൊയേഷ്യൻ ബോക്‌സിലേക്കു തൊടുത്ത ഷോട്ട് കാലിൽ നിയന്ത്രിച്ച് അൽവാരോ മൊറാട്ട തൊടുത്തുവിട്ട ഹാഫ് വോളി വലയിൽ (43).

എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 100-ാം മിനിറ്റിൽ അൽവാരോ മൊറാട്ട സ്പെയ്നിനായി നാലാം ഗോൾ നേടി. ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ. 103-ാം മിനിറ്റിൽ മൈക്കൽ ഒയർസബാലിലൂടെ സ്പെയ്ൻ ഗോൾ പട്ടിക തികച്ചു. ഇത്തവണയും ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ.

അബദ്ധത്തിൽ സെൽഫ് ഗോൾ വഴങ്ങിയെങ്കിലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ മികച്ച സേവുകളുമായി ടീമിന്റെ രക്ഷയ്ക്കെത്തി. എക്സ്ട്രാ ടൈമിലും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോൾ നേടാൻ സ്പെയ്നിന് സാധിച്ചില്ല.