തമിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. ഞായറാഴ്ച മഹാബലിപുരത്ത് വച്ചാണ് ആഘോഷ പൂർവ്വമായ വിവാഹ ചടങ്ങുകൾ നടന്നത്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ. തമിഴ്‌നാട് പ്രീമിയർ ലീഗിൽ കളിക്കുന്ന മധുരൈ പാന്തേഴ്സ് ക്രിക്കറ്റ് ടീമിലെ താരമാണ് രോഹിത് ദാമോദരൻ.

തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയുടെ മകൻ കൂടിയായ രോഹിത് ദാമോദരൻ ടീമിന്റെ ക്യാപ്റ്റനുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തി. തെന്നിന്ത്യൻ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ. സംസ്ഥാനത്ത് വിവാഹത്തിന് അമ്പത് പേർക്ക് മാത്രമാണ് അനുമതിയുള്ളത്.

വിക്രം നായകനായി തമിഴിൽ സൂപ്പർ ഹിറ്റായ അന്യൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കർ. മകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. രൺവീർ സിങ് ആണ് അന്യൻ ഹിന്ദി പതിപ്പിൽ നായകനായി എത്തുന്നത്. ചിത്രീകരണത്തിനായി രൺവീർ സിങ്ങിനെ പ്രത്യേക വിമാനത്തിൽ ആണ് ചെന്നൈയിൽ എത്തിച്ചത്.