ക്രൈസ്റ്റ്ചർച്ച്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുമ്പോൾ അണിഞ്ഞിരുന്ന ജഴ്‌സി ലേലത്തിൽ വെച്ച് ന്യൂസിലന്റ് ക്രിക്കറ്റ് താരം ടിം സൗത്തി. അർബുദ ബാധിതയായ ഹോളി ബെറ്റി എന്ന എട്ടു വയസ്സുകാരിയുടെ ചികിത്സയ്ക്കായാണ് സൗത്തിയുടെ കാരുണ്യ വർഷം. അർബുദത്തിന്റെ ഗുരുതര സ്വഭാവമുള്ള വകഭേദമായ 'ന്യൂറോബ്ലാസ്റ്റോമ' ബാധിച്ച എട്ടു വയസ്സുകാരിയാണ് ഹോളി ബെറ്റി. വിദഗ്ധ ചികിത്സയ്ക്കായി നിലവിൽ സ്‌പെയിനിലാണ് ഹോളിയും പിതാവ് ജോണും.

കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ സൗത്തി നേരിട്ട് രംഗത്ത് ഇറങ്ങുക ആയിരുന്നു. സൗത്തി ബെറ്റിക്കായി കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയപ്പോൾ കയ്യടിക്കുകയാണ് കായിക ലോകം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ടീമിലുണ്ടായിരുന്ന 15 താരങ്ങളും ഒപ്പിട്ടതാണ് സൗത്തിയുടെ ജഴ്‌സി. ഓൺലൈനിലൂടെയാണ് ജഴ്‌സിയുടെ ലേലം പുരോഗമിക്കുന്നത്. ജൂലൈ എട്ടാം തീയതി ഉച്ചയ്ക്ക് 1.45 വരെ ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. നിലവിൽ 43,200 യുഎസ് ഡോളർ (32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ ലേലത്തുക ഉയർന്നിട്ടുണ്ട്.

ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡാണ് സൗത്തിയുടെ ജഴ്‌സി ഇത്തരമൊരു ആവശ്യത്തിനായി ലേലത്തിനുവച്ച കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യയ്ക്കെതിരായ കലാശപ്പോരാട്ടത്തിൽ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റാണ് സൗത്തി വീഴ്‌ത്തിയത്. രണ്ടാം ഇന്നിങ്‌സിൽ മാത്രം 48 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവരെ പുറത്താക്കി തകർച്ചയ്ക്ക് തുടക്കമിട്ടത് സൗത്തിയായിരുന്നു. മത്സരം ന്യൂസീലൻഡ് എട്ടു വിക്കറ്റിന് ജയിച്ചു.

'ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഞാൻ ധരിച്ച ജഴ്‌സിക്കായാണ് ഈ ലേലം. ന്യൂസീലൻഡ് ടീമിലുണ്ടായിരുന്ന 15 പേരും ഇതിൽ ഒപ്പിട്ടുണ്ട്. ഈ ലേലത്തിൽനിന്ന് ലഭിക്കുന്ന മുഴുവൻ തുകയും ഹോളി ബെറ്റിയുടെ ചികിത്സയ്ക്കായി ചെലവഴിക്കും' സൗത്തി വ്യക്തമാക്കി.

'ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ക്രിക്കറ്റ് ഗ്രൂപ്പിൽനിന്നാണ് ഞാനും എന്റെ കുടുംബവും ഹോളി ബെറ്റിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ബെറ്റിയുടെ കുടുംബത്തിന്റെ സഹനവും കരുത്തും പോസിറ്റിവ് മനോഭാവവും അന്നുതന്നെ എന്നെ ആകർഷിച്ചിരുന്നു. ബെറ്റിക്ക് കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് എന്നേക്കൊണ്ട് സാധിക്കും വിധം ഇത്തരത്തിൽ പിന്തുണയ്ക്കാനുള്ള ശ്രമം' സൗത്തി പറഞ്ഞു.

'രോഗത്തിനെതിരെ കരുത്തോടെ പോരാടുന്ന ബെറ്റിയുടെ ചികിത്സാ ചെലവുകൾക്ക് സഹായകമായ നല്ലൊരു തുക ഇതിലൂടെ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു രക്ഷിതാവെന്ന നിലയിൽ ബെറ്റിയും കുടുംബവും നടത്തുന്ന പോരാട്ടത്തിൽ ഞാനും അവർക്കൊപ്പമുണ്ട്' സൗത്തി കുറിച്ചു.

'ക്രിക്കറ്റ് കളത്തിൽ നാം നേരിടുന്ന വിജയവും തോൽവിയും ഒന്നുമല്ലെന്ന് ഹോളിയും അവളുടെ പോരാട്ടവും നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ചെറുതും വലുതുമായ രീതിയിൽ ലേലത്തിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിക്കുന്നു' സൗത്തി കുറിച്ചു.