വിവാഹ ശേഷം ചെന്നൈയിൽ സ്ഥിരതാമസമാണ് മലയാളികളുടെ പ്രിയ നടി ഉർവശി. താരത്തിന്റെതായി അടുത്തിടെ പുറത്ത് വന്ന യൂ ട്യൂബ് വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. മലയാളികളും തമിഴരുമായി ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ഈ വീഡിയോയിലൂടെ ചെന്നൈയിലെ വീടിനു ചുറ്റുമുള്ള തന്റെ കൃഷികൾ പരിചയപ്പെടുത്തുകയാണ് താരം.

കേരളത്തനിമ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഉർവശിയുടെ വീട്ടുമുറ്റം മുഴുവൻ മരങ്ങളാണ്. മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾത്തന്നെ വലതുവശത്ത് ഒരു പ്ലാവിൻതൈ നട്ടിരിക്കുന്നത് കാണാം. മൂന്നു വർഷം പ്രായമുണ്ട് പ്ലാവിന്. അടുത്ത വർഷം കായ്ക്കുമെന്നാണ് പ്രതീക്ഷ. അതുപോലെ വീട്ടിൽ വലിയ പ്ലാവ് വേറെയുമുണ്ട്. അതിൽ ചക്കകളുമുണ്ട്. 2011ലാണ് ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് ഉർവശി എത്തുന്നത്.

കേരളത്തിലെ മിക്ക വീടുകളിലും പ്ലാവ്, മാവ്, വാഴ തുടങ്ങിയവയെല്ലാമുണ്ട്. അത് എന്തുകൊണ്ട് ചെന്നൈയിലും ആയിക്കൂടാ എന്ന ചിന്തയാണ് ഇവിടെ പ്ലാവ് വയ്ക്കാൻ കാരണമായതെന്നു ഉർവശി പറയുന്നു. പല തവണ വച്ചു നോക്കി. എന്നാൽ, പിടിച്ചില്ല. അവസാനം ഒരെണ്ണം നന്നായി വളർന്നു. അതാണ് കായിച്ചത്. ഇത് നന്നായി വളർന്നതുകൊണ്ടാണ് ഗേറ്റിനു സമീപം മറ്റൊരു പ്ലാൻതൈകൂടി വച്ചത്. ചെന്നൈയിൽ അധികമാരും പ്ലാവ് നടാറില്ല. വേര് കൂടുതൽ നീളത്തിൽ വളരുന്നതിനാൽ വീടിന്റെ തറയ്ക്ക് ക്ഷതം സംഭവിക്കുമോ എന്ന ഭയമാണ് ഇതിനു കാരണം.

പ്ലാവില ഉപയോഗിച്ച് കുമ്പിൾ കുത്തിയാണ് കേരളത്തിൽ കഞ്ഞി കുടിക്കുന്നതെന്നും താരം വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. ചക്കയും ചക്കപ്പഴവും ഉപയോഗിച്ച് എന്തൊക്കെ പാകം ചെയ്യാമെന്നും താരം വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. മുറ്റത്ത് വലിയൊരു നാരകം നിൽക്കുന്നു. ഏഴു വയസുണ്ട് നാരകത്തിന്. കായിച്ചുതുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല. ഇവ കൂടാതെ മുല്ല, മാതളം, മാവ്, ലക്ഷ്മി തരു, സീതപ്പഴം, ഇരുമ്പൻപുളി, പേര, പപ്പായ, പാവൽ തുടങ്ങിയവയെല്ലാം ഉർവശിയുടെ ചെന്നൈയിലെ വീടിനു ചുറ്റും വളരുന്നു.