കോട്ടയം: കോവിഡ് പരിചരണ കേന്ദ്രത്തിൽ ബാലികയ്ക്ക് നേരെ പീഡന ശ്രമം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ വർഷങ്ങൾക്ക് മുമ്പ് ബന്ധുവായ യുവാവ് പീഡിപ്പിച്ച വിവരവും തുറന്ന് പറഞ്ഞ് പെൺകുട്ടി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും റിമാൻഡിലാണ്.

കോവിഡ് പരിചരണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ആരോഗ്യവകുപ്പ് താത്കാലിക ജീവനക്കാരനാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടയം നാട്ടകം സി.എഫ്.എൽ.ടി.സിയിലെ ജീവനക്കാരൻ ചിങ്ങവനം പാക്കിൽ കൊച്ചുതോപ്പ് നെടുമ്പറമ്പിൽ ടി.എസ്.സച്ചിൻ (24), മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു ബാജിയൊ രാജു (28) എന്നിവരെയാണ് ചിങ്ങവനം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

കൗൺസലിങ്ങിനിടെയാണ് 2017-ൽ തന്നെ ബന്ധുവായ യുവാവ് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇയാൾക്കെതിരേയും പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സി.എഫ്.എൽ.ടി.സിയിൽ 16-ാം തീയതിയാണ് ശുചീകരണ ജോലിക്കാരനായ പ്രതി സച്ചിൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവദിവസം സ്ത്രീകളുടെ വാർഡിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ജോലിക്കിടെ പ്രതി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

പെൺകുട്ടി കുതറിയോടി. പിറ്റേന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ സി.എഫ്.എൽ.ടി.സി. അധികൃതർക്ക് പരാതി നൽകി. അവർ ചിങ്ങവനം പൊലീസിന് കൈമാറി. മാനസികമായി തകർന്ന കുട്ടിയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്.