ഹരിപ്പാട്: ഒരേ ദിവസം രണ്ടു തവണ കോവിഡ് വാക്‌സീൻ എടുത്തയാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാറ്റ ഇടയിലപ്പറമ്പിൽ ഭാസ്‌കരനാ (62)ണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസമാണ് ഭാസ്‌കരനും ഭാര്യ പൊന്നമ്മയും കോവിഷീൽഡ് വാക്‌സീൻ രണ്ടാം ഡോസ് എടുക്കാൻ കരുവാറ്റ പിഎച്ച്‌സിയിൽ എത്തിയത്. അവിടെ 2 വാക്‌സിനേഷൻ കൗണ്ടറുകൾ ഉണ്ടായിരുന്നു. ഭാസ്‌കരൻ ആദ്യത്തെ കൗണ്ടറിൽ നിന്നു വാക്‌സീൻ സ്വീകരിച്ചു. പിന്നീട് അടുത്ത കൗണ്ടറിനടുത്ത് എത്തിയപ്പോൾ വാക്‌സീൻ എടുക്കാൻ വന്നതാണോ എന്ന് ജീവനക്കാർ ചോദിച്ചു. അതെയെന്നു ഭാസ്‌കരൻ പറഞ്ഞപ്പോൾ രണ്ടാം കൗണ്ടറിലും വാക്‌സീൻ നൽകിയെന്നു പൊന്നമ്മ പറയുന്നു.

ആധാർ തുടങ്ങിയ രേഖകൾ പരിശോധിക്കാതെ വീണ്ടും വാക്‌സീൻ നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് പൊന്നമ്മ പരാതി നൽകി. എന്നാൽ, റജിസ്‌ട്രേഷൻ നടപടികളിൽ പിഴവുണ്ടായില്ലെന്നും ആദ്യം വാക്‌സീൻ എടുത്ത ശേഷം ഭാസ്‌കരൻ നിരീക്ഷണ മുറിയിൽ നിന്നിറങ്ങി വാക്‌സീൻ എടുക്കാനുള്ളവരുടെ കൂട്ടത്തിലിരുന്നതാണ് ആശയക്കുഴപ്പത്തിനു കാരണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

ഡോക്ടർ എത്തി ഭാസ്‌കരനെ പരിശോധിച്ചു നിരീക്ഷണത്തിലാക്കി. ബുദ്ധിമുട്ടുകളൊന്നും തോന്നാത്തതിനാൽ വീട്ടിലേക്ക് പോയി. വൈകിട്ട് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രക്തസമ്മർദം കൂടുതലാണെന്നു കണ്ട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഭാസ്‌കരന് മൂത്രതടസ്സം ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു.

അതേസമയം, രണ്ടാം വട്ടം വാക്‌സീൻ എടുക്കുമ്പോൾ ആധാർ നമ്പറോ മറ്റു വിവരങ്ങളോ ജീവനക്കാർ ആവശ്യപ്പെട്ടില്ലെന്ന് പൊന്നമ്മ പറഞ്ഞു.