- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ വില്യമും ഹാരിയും നാളെ വീണ്ടും കെട്ടിപ്പിടിക്കുമോ ? ഡയാന രാജകുമാരിയുടെ പ്രതിമ അനാഛാദനത്തിനു ശേഷം അടച്ചിട്ട മുറിയിൽ ഇരുവരും ഒരുമിക്കും
വില്യം രാജകുമാരനും ഹാരിയും തമ്മിലുള്ള ബന്ധം ഇനിയും കൂട്ടിച്ചേർക്കാനാകാത്ത വിധം വഷളായിരിക്കുന്നു എന്ന് പലരും വിലയിരുത്തുമ്പോഴും ജൂലായ് 1 ന് ഡയാനാ രാജകുമാരിയുടെ പ്രതിമ അനാഛാദനം ചെയ്തതിനു ശേഷം സഹോദരന്മാർ ഇരുവരും അടച്ചിട്ട മുറിയിൽ സ്വകാര്യ സംഭാഷണം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നാളെ അമ്മയുടെ ഓർമ്മകളും പേറി, ഇരുവരും തോളോടുതോൾ ചേർന്ന് ഡയാനയുടെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കും. ഡയാനയുടെ അറുപതാം പിറന്നാൾ കൂടിയാണന്ന്.
ഓപ്ര വിൻഫ്രിയുടെ അഭിമുഖം സംപ്രേഷണം ചെയ്തതിനു ശേഷമാണ് ഇരുവർക്കുമിടയിൽ അകൽച്ച വലുതായത് എന്നു പറയുന്നുണ്ടെങ്കിലും, അത് ആരംഭിക്കുന്നത് 2019-ൽ ഹാരിയേയും മേഗനേയും കെൻസിങ്ടൺ പാലസിൽ നിന്നും പുറത്താക്കിയതോടെയാണ്. ജീവനക്കാരോട് മേഗൻ മോശമായി പെരുമാറുന്നു എന്ന് ആരോപിച്ചായിരുന്നു വില്യം ഇരുവരെയും കൊട്ടാരത്തിൽ നിന്നും പുറത്താക്കിയത്. ഏതായാലും, പഴയതെല്ലാം മറന്ന് ഒരുമിക്കാൻ ഇരു സഹോദരന്മാരും തീരുമാനിച്ചതായാണ് ചില കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. അതിന്റെ സൂചനയാണ് ഈ സ്വകാര്യ കൂടിക്കാഴ്‌ച്ച എന്നും അവർ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഇംഗ്ലണ്ടിലെത്തിയ ഹാരി, തന്റെ ഫ്രോഗ്മോർ കോട്ടേജിൽ നിയമപ്രകാരമുള്ള ക്വാറന്റൈന് വിധേയനായി കൊണ്ടിരിക്കുകയാണ്. അഞ്ചു ദിവസം കഴിഞ്ഞുള്ള പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞാൽ ഹാരിക്ക് പുറത്തുവരാൻ കഴിയും. ഒരു ചാരിറ്റി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ കൂടിയാണ് ഹാരി എത്തിച്ചേർന്നിരിക്കുന്നത് എന്നറിയുന്നു. ഡയാന രാജകുമാരി ജീവിച്ചിരുന്ന കെൻസിങ്ടൺ കൊട്ടാരത്തിലെ സൺകെൻ ഗാർഡനിലെ പ്രതിമ അനാഛാദന ചടങ്ങ് പക്ഷെ തീർത്തും ചെറിയൊരുചടങ്ങായിരിക്കും.
വില്യമിനും ഹാരിക്കും പുറമേ അടുത്ത കുടുംബാംഗങ്ങളും ശില്പിയും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. പ്രതിമയെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല എങ്കിലും അവരുടെ യൗവ്വനകാലത്തെ ചുറുചുറുക്കോടുകൂടിയ ഭാവത്തിലുള്ള പ്രതിമയാണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സ്ഥാപിക്കേണ്ടതെവിടെയാണെന്ന കാര്യത്തിൽ ഇരു സഹോദരന്മാരും ആഴ്‌ച്ചകളോളം ആലോചിച്ചതിനു ശേഷമാണ് ഒരു തീരുമാനത്തിൽ എത്തിയതെന്നും അറിയുന്നു.
അതേസമയം, വികാരവിക്ഷോഭത്തിൽ താൻ ചെയ്തുപോയ തെറ്റുകൾ ഓർത്ത്ഹാരിക്ക് വിഷമമുണ്ടെന്നും അതെല്ലാം സമ്മതിക്കാൻ തയ്യാറാണെന്നും രാജകുടുംബത്തിന്റെ ചരിത്രകാരന്മാരിൽ ഒരാൾ പറഞ്ഞു. എന്നാൽ, മേഗൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. അതുപോലെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് വില്യം. മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകൾ വിട്ടൊഴിഞ്ഞതിലും അതുപോലെ വില്യമുമായി ചേർന്ന് ഉണ്ടായിരുന്ന ഫൗണ്ടേഷൻ പിളർത്തി ബക്കിങ്ഹാം പാലസിൽ പുതിയ ഓഫീസ് തുടങ്ങിയതിലുമൊക്കെ ഹാരി പശ്ചാത്തപിക്കുകയാണെന്നും ഈ ചരിത്രകാരൻ പറയുന്നു.