രാജ്യത്ത് രണ്ടാം ഘട്ട ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുന്നത് വൈകും. ജൂലൈ അഞ്ചിന് ഇളവുകൾ നടപ്പിലാക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലുംകൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ, റസ്റ്ററന്റുകൾക്കും പബ്ബുകൾക്കും അകത്ത് ഭക്ഷണപാനീയങ്ങൾ വിളമ്പുന്നതിനുള്ള അനുമതി ഇനിയും വൈകുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറിയിച്ചു.

ജൂലൈ 5 മുതൽ ഇതിന് അനുമതി നൽകാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും, ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശം പരിഗണിച്ച് ഇത് ജൂലൈ 19 വരെ നീട്ടിവച്ചതായി അദ്ദേഹം വ്യക്തമാക്കി. അതുപോലെ വാക്സിനേറ്റ് ചെയ്തവർക്കോ, പ്രതിരോധശേഷിയുള്ളവർക്കോ മാത്രമായി ഇവിടങ്ങളിൽ പ്രവേശനം നൽകുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിച്ചവരികയാണ്.

5,000-ന് മുകളിൽ കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിലും, വേദികളിലും 200 അല്ലെങ്കിൽ 500 പേരെ വരെ പ്രവേശിപ്പിക്കാമെന്ന നേരത്തെയുള്ള തീരുമാനം നടപ്പിലാക്കുമെന്ന് മാർട്ടിൻ വ്യക്തമാക്കി.ജൂലൈ 5 മുതൽ വിവാഹങ്ങൾക്ക് 50 അതിഥികൾക്ക് വരെ പങ്കെടുക്കാം.

മുഴുനായി വാക്സിനേറ്റ് ചെയ്യപ്പെടുകയോ, കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്ന ശേഷം ഭേദമാകുകയോ ചെയ്യുന്നവർക്ക് മറ്റ് വീടുകൾ സന്ദർശിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ വാക്സിനേറ്റ് ചെയ്യപ്പെടാത്ത വീട്ടുകാർ, ഒന്നിലധികം വീട്ടുകാരെ ഒരേസമയം തങ്ങളുടെ വീട്ടിൽ സ്വീകരിക്കരുത്.

പൂർണ്ണമായും വാക്സിനേറ്റ് ചെയ്യപ്പെടുകയോ, കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമാകുകയോ ചെയ്തവർക്കുള്ള ഗ്രീൻ പാസ് അഥവാ EU Digital Covid Certificate ജൂലൈ 19 മുതൽ വിതരണമാരംഭിക്കും. ഈ പാസ് ഉപയോഗിച്ച് EU-വിൽ എവിടെയും നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാം. എന്നാൽ വാക്സിനേറ്റ് ചെയ്യപ്പെടാത്തവരും, ഒരു ഡോസ് വാക്സിൻ മാത്രമെടുത്തവരും വിദേശയാത്ര നടത്തരുത്. രാജ്യത്തിനകത്തും യാത്രകൾ നടത്തുമ്പോൾ മുൻകരുതലുകളെടുക്കണം.