തിരുവനന്തപുരം: നമ്മുടെ ഡോക്ടർമാർ നമ്മുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നര വർഷക്കാലമായി നമ്മുടെ ഡോക്ടർമാർ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവർ അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സർക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നവരാണവർ. എല്ലാ ഡോക്ടർമാരേയും ഈ ഡോക്ടേഴ് ദിനത്തിൽ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഡോ. ബി.സി. റോയുടെ സാമൂഹിക പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഡോക്ടർമാരിൽ ഏറ്റവും പ്രതിഫലിച്ച് കണ്ട കാലം കൂടിയാണിത്. 1882 ജൂലയ് ഒന്നിന് ജനിച്ച് 1962 ജൂലയ് ഒന്നിന് മരണമടഞ്ഞ ഡോ. ബി.സി. റോയുടെ സ്മരണാർത്ഥമാണ് ജൂലയ് ഒന്നിന് ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയും ഐ.എം.എ.യുടെ ദേശീയ പ്രസിഡന്റും കൂടിയായിരുന്നു ഡോ. ബി.സി. റോയ്. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഈ പ്രത്യേക സാഹചര്യത്തിൽ പോലും മറ്റ് രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തിയാൽ ഏറ്റവും കുറച്ച് മരണനിരക്കുള്ള സ്ഥലം കേരളമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4 ൽ നിർത്താൻ നമുക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടേയും പ്രത്യേകിച്ച് ഡോക്ടർമാരുടേയും പ്രയത്നം കൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കുറയ്ക്കാനായത്.

ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കുമെതിരായ ആക്രമണങ്ങൾ സമൂഹം പുനർവിചിന്തനം ചെയ്യണം. അവരാണ് നമ്മുടെ ജീവൻ രക്ഷാ പ്രവർത്തകർ. അവർക്കെതിരായ ഒരക്രമവും പൊറുക്കാൻ കഴിയില്ല. ഡോക്ടർമാരുടെ മനസ് തളർത്തുന്ന രീതിയിൽ ആരും പെരുമാറരുത്. കാരണം നമ്മൾക്ക് ശേഷവും ആ ഡോക്ടറുടെ സേവനം കാത്ത് നിരവധി പേർ നിൽക്കുന്നുണ്ടെന്ന് ഓർക്കണം. ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ മാനസികാവസ്ഥ മാറുമ്പോഴുള്ള ബുദ്ധിമുട്ട് മനസിലാക്കണം. അതിനാൽ തന്നെ ഡോക്ടർമാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റേയും സമൂഹത്തിന്റേയും ഉത്തരവാദിത്തമാണ്. നമ്മുടെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ്പ് സമൂഹത്തിന്റെ ആവശ്യകതയാണ്. ഡോക്ടർമാർക്കെതിരേയും ആരോഗ്യ സ്ഥാപനങ്ങൾക്കെതിരേയും നടത്തുന്ന അതിക്രമങ്ങൾ സമൂഹം ശക്തമായി പ്രതിരോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.