കോട്ടയം: തനിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പിന്നിലുള്ള വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടത് സർക്കാരെന്ന് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ആരാണ് കാര്യങ്ങൾ നടത്തുന്നത്. ആരൊക്കെയാണ് ഇതിന് പിന്നിൽ തുടങ്ങിയ കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കട്ടെ. വധഭീഷണിയൊന്നും തന്നെ ബാധിക്കില്ല. നിർഭയം പൊതുപ്രവർത്തനം നടത്തും. ടിപി വധക്കേസ് അന്വേഷണ സമയത്ത് ഒന്നും കൂടി ചെയ്താലും അങ്ങോട്ട് തന്നെ പോയാൽ മതിയല്ലോ എന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. സമാനമായ നിലയിലാണ് കത്തിലെ വരികൾ-തിരുവഞ്ചൂർ വിശദീകരിച്ചു.

ആരൊക്കെ വധഭീഷണി മുഴക്കിയാലും നിർഭയം പൊതുപ്രവർത്തനവുമായി മുന്നോട്ടുപോകും. വധഭീഷണി കേസിൽ പൊലീസിന് മൊഴി നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ. തിരിച്ച് ജയിലിലേക്ക് തന്നെ പോകുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. അതിൽ നിന്ന് ജയിലിന് പുറത്തിറങ്ങിയവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ജയിലിൽ നിന്ന് ഇറങ്ങിയ ആളുകൾ ആരൊക്കെ എന്ന് എല്ലാവർക്കും അറിയാം.

ജാമ്യത്തിൽ ഇറങ്ങിയ ആളുകളുടെയും പരോളിൽ ഇറങ്ങിയവരുടെയും പട്ടിക സർക്കാരിന്റെ കൈയിലുണ്ട്. സർക്കാരിന് വിവരങ്ങൾ കൈമാറിയ സാഹചര്യത്തിൽ ഇതിന് പിന്നിലെ വസ്തുതകൾ സർക്കാർ തന്നെ പുറത്തുകൊണ്ടുവരട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.