ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചെന്ന വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ലക്ഷങ്ങൾ നൽകി കുഞ്ഞുങ്ങളെ വാങ്ങിയ കണ്ണൻ, ഭാര്യ ഭവാനി, അനിഷ്‌റാണി എന്നിവരാണ് അറസ്റ്റിലായത്. പ്രമുഖ സന്നദ്ധ സംഘടനയായ ഇദയം ട്രസ്റ്റിന്റെ അനാഥാലയത്തിൽ നിന്നുമാണ് നടത്തിപ്പുകാരുടെ അറിവോടെ കുഞ്ഞുങ്ങളെ കടത്തിയത്. സംഭവത്തിന് പിന്നാലെ ട്രസ്റ്റിന്റെ ചുമതലയിൽ ചെന്നൈയിലുള്ള അനാഥാലയവും വൃദ്ധസദനവും കോർപറേഷൻ പൂട്ടി.

കുട്ടികളെ വിൽക്കാൻ ഒത്താശ ചെയ്ത ഡയറക്ടർ ജി.ആർ.ശിവകുമാറും സഹായി മത്തരശും ഒളിവിലാണ്. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ എന്ന യുവതിയുടെ ഒന്നും രണ്ടും വയസ്സുള്ള മക്കളെയാണു ട്രസ്റ്റ് അധികൃതർ വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം വിറ്റത്. കുട്ടികളെ കാണാൻ ഐശ്വര്യയുടെ വളർത്തച്ഛൻ അസറുദ്ദീൻ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണു കുട്ടികൾ മരിച്ചെന്നും ഐശ്വര്യ ചികിത്സയിലാണെന്നുമാണ് ജീവനക്കാർ അറിയിച്ചത്.

സംശയം തോന്നി മരണ സർട്ടിഫിക്കറ്റുകളുമായി മെഡിക്കൽ കോളജിലെത്തിയപ്പോൾ അവ വ്യാജമാണെന്നു തെളിഞ്ഞു. ജീവനക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വിൽപനയുടെ സൂചന കിട്ടിയതെന്നും കുട്ടിക്കടത്തിനു പിന്നിൽ വൻ സംഘമുണ്ടെന്നും പൊലീസ് പറഞ്ഞു. വിറ്റ കുട്ടികളെ കണ്ടെത്തിയ പൊലീസ് അവരെ സംരക്ഷണ കേന്ദ്രത്തിലാക്കി.