ബുക്കാറെസ്റ്റ്: യൂറോ കപ്പ് ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനോടു തോറ്റതിന് പിന്നാലെ ഗാലറിയിലിരുന്നു തമ്മിൽ തർക്കിച്ച് ഫ്രഞ്ച് താരങ്ങളുടെ മാതാപിതാക്കൾ. ഫ്രാൻസിന്റെ തോൽവിക്ക് പിന്നാലെ ടീമിനു കൂടുതൽ നാണക്കേടായി മാറിയിരിക്കുകയാണ് താരങ്ങളുടെ മാതാപിതാക്കൾ തമ്മിൽലുണ്ടായ വാഗ്വാദം. മിഡ്ഫീൽഡർ അഡ്രിയൻ റാബിയോയുടെ അമ്മ വെറൊണിക് റാബിയോയാണു എല്ലാത്തിനും തുടക്കമിട്ടത്.

വെറോണിക് മകന്റെ സഹതാരങ്ങളായ കിലിയൻ എംബപെ, പോൾ പോഗ്ബ എന്നിവരുടെ മാതാപിതാക്കളുമായി സ്റ്റേഡിയത്തിൽ വച്ചു തർക്കിക്കുകയും ഫ്രാൻസിന്റെ തോൽവിക്ക് കാരണം ഇവരുടെ മക്കളുടെ മോശം പ്രകടനമാണെന്ന് ആരോപിക്കുകയും ആിരുന്നു.

റാബിയോയുടെ ഏജന്റ് കൂടിയാണു വെറോണിക്. മത്സരശേഷം എംബപെയുടെ പിതാവായ വിൽഫ്രഡിനോട് അദ്ദേഹത്തിന്റെ മകൻ ടീമിനു വേണ്ടിയല്ല കളിക്കുന്നതെന്നും അഹങ്കാരം ഉപേക്ഷിക്കണമെന്നും പറഞ്ഞതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ വിൽഫ്രഡും കുടുംബവും പ്രതികരിച്ചതോടെ തർക്കം രൂക്ഷമായി.

തുടർന്ന്, സ്വിറ്റ്‌സർലൻഡിന്റെ 3ാം ഗോളിനു കാരണമായ പിഴവു വരുത്തിയെന്നാരോപിച്ചു പോൾ പോഗ്ബയോടും തട്ടിക്കയറിയ വെറോണിക്, പോഗ്ബയുടെ സഹോദരങ്ങളുമായും വാഗ്വാദമുണ്ടാക്കി. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് തോൽവി വഴങ്ങിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും 33 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.