ബെംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബസ്, വിമാനം, ട്രെയിൻ, ടാക്‌സി, തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളിലൂടെ കർണാടകയിൽ പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലം വേണമെന്നാണു നിബന്ധന. എന്നാൽ കോവിഡ് വാക്‌സീന്റെ രണ്ടു ഡോസുകളും എടുത്തിട്ടുള്ളവരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിമാനത്തിലും ട്രെയിനിലും ബസുകളിലുമെല്ലാം പരിശോധന കർശനമാക്കി. കേരളത്തിൽനിന്ന് കർണാടകയിലേക്കു വരുന്ന എല്ലാ വിമാനങ്ങൾക്കും ഇതു ബാധകമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കു മാത്രമേ വിമാനക്കമ്പനികൾ ബോർഡിങ് പാസുകൾ അനുവദിക്കാവൂ എന്നും കർണാടക ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ പക്കൽ ഈ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് റെയിൽവേ അധികൃതരും ബസ് യാത്രക്കാരുടെ സർട്ടിഫിക്കറ്റ് കണ്ടക്ടർമാരും ഉറപ്പാക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. കർണാടകയിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനായി കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂർ, ചാമരാജനഗര എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർക്കു നിർദ്ദേശം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.