- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയുടെ പ്രതിമ അനാഛാദനം ചെയ്ത ഉടൻ സ്ഥലം വിട്ട ഹാരി ചേട്ടനോട് മിണ്ടാൻ പോലും നേരം കണ്ടെത്തിയില്ല; പിറ്റേന്നു തന്നെ മേഗന്റെയും കുഞ്ഞിന്റെയും അടുത്തേക്ക് പറന്നു; ബ്രിട്ടണിൽ നിന്ന് ഹാരി മടങ്ങുന്ന ദൃശ്യങ്ങൾ വൈറൽ
സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് സഹോദരനോട് ഒരു വാക്കുപോലും പറയാതെ ഹാരി അമേരിക്കയിലേക്ക് തിരിച്ചു പറന്നു. സഹോദരന്മാർക്കിടയിലെ, തീർത്തും വഷളായ ബന്ധം ഇത്തവണ ഹാരി ബ്രിട്ടൻ സന്ദർശിക്കുമ്പോൾ നേരെയാക്കാമെന്ന് ഇരുവരുടെയും പൊതുസുഹൃത്തുക്കളിൽ ചിലരെങ്കിലും ആഗ്രഹിച്ചിരുന്നു. ഇരുവരെയും ഒരു മേശയ്ക്ക് ഇരുവശവും കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇപ്പോൾ അതെല്ലാം വ്യർത്ഥമായിരിക്കുകയാണ്.
പ്രതിമ അനാഛാദനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ സഹോദരൻ വില്യം രാജകുമാരനോട് യാത്രപോലും ചോദിക്കാതെ ഹാരി വിമാനം കയറുകയായിരുന്നു. പൊലീസ് അകമ്പടിയോഗ്ഗ്ടെ ഒരു കറുത്ത ഫോക്സ്വാഗൻ കാരവെല്ലെയിൽ ഫ്രോഗ്മോർ കോട്ടേജിൽ നിന്നും ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ 5 ലേക്കുള്ള ഹാരിയുടെ യാത്രയുടെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്‌ച്ച ബ്രിട്ടനിലെത്തിയ ഹാരി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ചുദിവസം ക്വാറന്റൈനിൽ ആയിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമായിരുന്നു പുറത്തിറങ്ങിയത്. അതായത്, ഇത്തവണത്തെ യാത്രയിൽ ഹാരി ശരിക്കും ബ്രിട്ടണിൽ ചെലവഴിച്ചത് കേവലം രണ്ടു ദിവസം മാത്രമായിരുന്നു എന്നർത്ഥം. ഇതിനിടയിൽ ഹാരി എലസബത്ത് രാജ്ഞിയെ സന്ദർശിച്ചോ എന്നകാര്യവും വ്യക്തമല്ല. അതുപോലെ സ്‌കൂളിലേയും സൈന്യത്തിലേയും പഴയ സുഹൃത്തുക്കൾ ഒരു ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. ഹാരി അതിൽ പങ്കെടുത്തോ എന്നകാര്യവും ഉറപ്പായിട്ടില്ല.
അമ്മ ഡയാന രാജകുമാരിയുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിന് തൊട്ടുമുൻപാണ് ഹാരി സ്ഥലത്ത് എത്തിയത്. കെൻസിങ്ടൺ പാലസിലെ സൻകൻ ഗാർഡനിലെ പ്രതിമ ഇരിക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോൾ സഹോദരൻ വില്യം രാജകുമാരൻ അവിടെയുണ്ടായിരുന്നു. രണ്ടേ മുക്കാൽ ആയപ്പോഴേക്കും അനാഛാദന ചടങ്ങുകൾ അവസാനിച്ചു. ഒരു ചായ കുടിക്കാൻ പോലും നിൽക്കാതെ ഹാരി സ്ഥലം വിടുകയും ചെയ്തു. ഇതിനിടയിൽ കഷ്ടി 10 മിനിറ്റാണ് ഹാരി തന്റെ സഹോദരനോടൊപ്പം ചെലവഴിച്ചത്.
ഡയാന രാജകുമാരിയുടെ പ്രവർത്തനങ്ങളെ അക്ഷരാർത്ഥത്തിൽ പ്രതീകവത്കരിക്കുന്നതാണ് പ്രതിമയുടെ രൂപകല്പന. ഓരോ കൈയിലും ഓരോ കുട്ടികളെ പിടിച്ചും, പുറകിൽ മറ്റൊരു കുട്ടിയുമായും നിൽക്കുന്നതായിട്ടാണ് പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത്. അനാഥർക്കും അശരണർക്കും എന്നും ഒരു കൈത്താങ്ങ് നീട്ടുവാൻ ശ്രമിച്ചിരുന്ന രാജകുമാരിയുടെ ജീവിതത്തെ ഇതിലും ഭംഗിയായി പ്രതീകവത്ക്കരിക്കാൻ കഴിയില്ലെന്നാണ് പല പ്രമുഖരും പറയുന്നത്. ചാൾസിൽ നിന്നും അകന്നതിനു ശേഷം ആദ്യമായി ഒറ്റയ്ക്ക് രാജകുമാരി അയച്ച ക്രിസ്ത്മസ്സ് ആശംസാ സന്ദേശത്തിലെ ചിത്രത്തിൽ അണിഞ്ഞിരുന്ന വസ്ത്രങ്ങളാണ് ഈ പ്രതിമയ്ക്കും നൽകിയിട്ടുള്ളത്.
ആ ക്രിസ്ത്മസ്സ് ആശംസാ കാർഡിൽ ഡയാന ഹാരിക്കും വില്യമിനും ഒപ്പം നിൽക്കുന്ന ചിത്രമായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി മൂന്ന് കുട്ടികളെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിമ അനാഛാദന ചടങ്ങിലും ചാൾസ് രാജകുമാരൻ പങ്കെടുത്തിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്തും ഒരു സ്വകാര്യ ചടങ്ങായി സഘടിപ്പിച്ച അനാഛാദനത്തിൽ അടുത്ത കുടുംബാംഗങ്ങളും പ്രതിമ രൂപകല്പനചെയ്ത ശില്പിയും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.