റോം: യൂറോകപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൂന്ന് ഹെഡ്ഡറടക്കം നാല് ഗോളുകളുമായി ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം. ആവേശം പിറന്ന മത്സരത്തിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ അത്യപൂർവ്വ ഗോൾ മഴയിൽ നനഞ്ഞ് ഉക്രൈൻ മരിച്ചു വീണു. നാലു ഗോളുകൾ, അതിൽ മൂന്നും ഹെഡ്ഡറുകളുമായപ്പോൾ ഇംഗ്ലണ്ടിന്റെ ആരാധകർക്ക് ആ വിജയം സമ്മാനിച്ച സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. കളിയുടനീളം ലോകോത്തര നിലവാരമുള്ള ആക്രമണ ഫുട്ബോളാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചപ്പോൾ കളി ആവേശ കൊടുമുടി കയറി. ഉക്രൈന് ഒരു ഗോളു പോലും നേടാനായില്ല.

ഇതോടെ ഒളിംപിക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലൂടെ ഇംഗ്ലണ്ട് ഇതാ യൂറോ കപ്പ് ഫുട്‌ബോൾ സെമിയിലേക്ക് കാൽ വെച്ചു. ഇംഗ്ലിഷുകാരുടെ സ്വന്തം ലണ്ടൻ ന്യൂവെംബ്ലി സ്റ്റേഡിയത്തിൽ, ഡെന്മാർക്കിനെതിരെ ബുധനാഴ്ച രാത്രി 12.30നാണ് ഇംഗ്ലണ്ടിന്റെ സെമിപോരാട്ടം. 1996-ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ഇരട്ട ഗോളുകൾ നേടിയ നായകൻ ഹാരി കെയ്നും ഇരട്ട അസിസ്റ്റുകൾ നൽകിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ടിന്റെ രക്ഷകരായി മാറിയത്. കെയ്നിന് പുറമേ പ്രതിരോധതാരം ഹാരി മഗ്വയർ, മധ്യനിരതാരം ജോർദാൻ ഹെൻഡേഴ്സൺ എന്നിവരും ലക്ഷ്യം കണ്ടു.

ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ യുക്രൈൻ ഒരു മാറ്റമാണ് വരുത്തിയത്. ഇംഗ്ലണ്ട് 4-2-3-1 ശൈലിയിലും യുക്രൈൻ 3-4-1-2 ശൈലിയിലുമാണ് കളിച്ചത്. ആദ്യ മിനിട്ടുകളിൽ ഇംഗ്ലണ്ട് മത്സരത്തിൽ ആധിപത്യം പുലർത്തി. യുക്രൈൻ പ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ നൽകി. എന്നാൽ നാലാം മിനിറ്റിൽ ഇംഗ്ലണ്ട് ഗോൾവർഷം തുടങ്ങി. റഹിം സ്റ്റെർലിങ് യുക്രെയ്ൻ ഡിഫൻഡർമാർക്കിടയിലൂടെ നൽകിയ പാസ് ബോക്‌സിനുള്ളിൽ സ്വീകരിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ മിന്നൽ ഷോട്ട്. യുക്രെയ്ൻ ഗോളി ഹിയറി ബുഷാനു പൊസിഷനിലാകാൻ പോലും സമയം കിട്ടും മുൻപേ പന്ത് വലയിൽ (10).

ഗോൾ വഴങ്ങിയതോടെ യുക്രൈൻ ആക്രമണ ഫുട്ബോൾ കാഴ്ചവെയ്ക്കാൻ തുടങ്ങി. എന്നാൽ ഇംഗ്ലീഷ് പ്രതിരോധത്തെ ഭേദിക്കാൻ ആദ്യ മിനിട്ടുകളിൽ ടീമിന് സാധിച്ചില്ല. ഗോൾ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഇംഗ്ലണ്ടും കളിച്ചത്. 17-ാം മിനിട്ടിൽ ഇംഗ്ലീഷ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നും പന്ത് സ്വീകരിച്ച യുക്രൈനിന്റെ യാരെംചുക്ക് പന്തുമായി ബോക്സിലേക്ക് മുന്നേറി ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് അത് വിഫലമാക്കി.

ആദ്യം ഗോൾ വഴങ്ങിയെങ്കിലും പിന്നീട് യുക്രൈൻ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇംഗ്ലീഷ് ആക്രമണങ്ങൾ പലതും പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു. 29-ാം മിനിട്ടിൽ ഹാരി കെയ്നിന്റെ ഹെഡ്ഡർ യുക്രൈൻ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 33-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ഡെക്ലാൻ റൈസിന്റെ തകർപ്പൻ ലോങ്റേഞ്ചർ ഗോൾകീപ്പർ ബുഷ്ചാൻ തട്ടിയകറ്റി. പിന്നാലെ പന്ത് മേസൺ മൗണ്ട് പിടിച്ചെടുത്ത് വീണ്ടും ഷോട്ടുതിർത്തെങ്കിലും അത് പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു. 35-ാം മിനിട്ടിൽ യുക്രൈനിന്റെ വിശ്വസ്ത പ്രതിരോധതാരം ക്രിവ്സ്റ്റോവ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി.

ആദ്യ പകുതിയിൽ സമനില നേടാനായി യുക്രൈൻ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതിശക്തമായ ഇംഗ്ലണ്ട് പ്രതിരോധത്തെ ഭേദിക്കാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ഒരു ഫ്രീകിക്ക് നേടിയെടുത്തു. 46-ാം മിനിട്ടിൽ ലൂക്ക് ഷായാണ് ഫ്രീകിക്കെടുത്തത്. കിക്ക് യുക്രൈൻ ബോക്സിലേക്ക് പറന്നിറങ്ങിയപ്പോൾ ഉയർന്നുചാടി തലവെച്ച് പന്ത് വലയിലെത്തിച്ച് ഹാരി മഗ്വയർ ഇംഗ്ലണ്ടിന് വേണ്ടി ഗോൾ വലയിലെത്തിച്ചു. സെറ്റ് പീസിലൂടെ യൂറോ 2020-ൽ ഇംഗ്ലണ്ട് നേടുന്ന ആദ്യ ഗോളാണിത്. മഗ്വയറിന്റെ ശക്തമായ ഹെഡ്ഡർ നോക്കി നിൽക്കാനേ ഗോൾകീപ്പർ ബുഷ്ചാന് സാധിച്ചുള്ളൂ.

രണ്ടാം ഗോൾ നേടിയതിന്റെ ആവേശം കെട്ടടങ്ങുംമുൻപ് ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. ഇത്തവണ നായകൻ ഹാരി കെയ്നാണ് ഗോൾ നേടിയത്. 50-ാം മിനിട്ടിൽ മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് താരം ഡബിൾ അടിച്ചത്. ഇത്തവണയും ലൂക്ക് ഷായുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. ലൂക്ക് ഷാ ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസിന് കൃത്യമായി കെയ്ൻ തലവെച്ചു. താരം മത്സരത്തിൽ നേടിയ രണ്ടാം ഗോളാണിത്. ഇതോടെ ഇംഗ്ലണ്ട് 3-0 എന്ന സ്‌കോറിന് മുന്നിലെത്തിച്ച് വിജയമുറപ്പിച്ചു.

മൂന്നുഗോളുകൾ വഴങ്ങിയതോടെ യുക്രൈൻ നിര തളർന്നു. താളം തെറ്റിയ കളിയാണ് ടീം പിന്നീട് പുറത്തെടുത്തത്. ഇംഗ്ലണ്ടാകട്ടെ വീണ്ടും ആക്രമണം തുടർന്നു. 62-ാം മിനിട്ടിൽ ഹാരി കെയ്നിന്റെ ഗോളെന്നുറച്ച ലോങ്റേഞ്ചർ ബുഷ്ചാൻ തട്ടിയകറ്റി. പിന്നാലെ വന്ന കോർണർ കിക്കിലൂടെ ഇംഗ്ലണ്ട് നാലാം ഗോൾ നേടി. നാല് ഗോളുകളുടെ ലീഡെടുത്തതോടെ ഇംഗ്ലണ്ട് പരിശീലകൻ ഗരെത്ത് സൗത്ത്ഗേറ്റ് പുതിയ താരങ്ങൾക്ക് അവസരം നൽകി. കാൾവെർട്ട് ലൂയിനും മാർക്കസ് റാഷ്ഫോർഡും ജൂഡ് ബെല്ലിങ്ങാമും ട്രിപ്പിയറുമെല്ലാം രണ്ടാം പകുതിയിൽ ഗ്രൗണ്ടിലെത്തി. അവസാന പത്തുമിനിട്ടുകളിൽ യുക്രൈൻ ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ വേണ്ടി കിണഞ്ഞു ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധം പാറപോലെ ഉറച്ചു. വൈകാതെ ത്രീ ലയൺസ് സെമി ഫൈനലിലേക്ക് കുതിച്ചു.

2020 യൂറോ കപ്പിൽ ഒരു ഗോൾപോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാൻ ത്രീ ലയൺസിന് സാധിച്ചു. മറുവശത്ത് ഇംഗ്ലണ്ടിനെതിരേ ഒരു ചെറുവിരൽ പോലും അനക്കാൻ അട്ടിമറി വീരന്മാരായ യുക്രൈനിന് സാധിച്ചില്ല. യുക്രൈൻ പരിശീലകൻ ആന്ദ്രെ ഷെവ്ചെങ്കോയുടെ തന്ത്രങ്ങളെല്ലാം തുടക്കത്തിൽ തന്നെ പാളി. മറുവശത്ത് ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് കൃത്യമായി ടീമിനെ നിയന്ത്രിച്ച് സെമി ഫൈനലിലെത്തിച്ചു. യൂറോകപ്പിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയമാണിത്. 

അതേസമയം 25 വർഷത്തിന് ശേഷം ഇംഗ്ലണ്ട് ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ തെരുവിൽ കുടിച്ചും കൂത്താടിയും ആഘോഷം കെങ്കേമമാക്കുകയാണ് ഇംഗ്ലീഷ് ആരാധകർ. ബിയറുകുപ്പികൾ ആകാശത്തിലൂടെ പറക്കുകയാണ്. വസ്ത്രം ഊരിയെറിഞ്ഞും കെട്ടിപ്പിടിച്ച് ആർത്തുല്ലസിച്ചും ആഘോഷം പൊടിപൊടിക്കുകയാണ്. ആയിരക്കണക്കിന് ഇംഗ്ലീഷ് ആരാധകരാണ് വിജയം ആഘോഷിക്കാൻ തെരുവിലേക്ക് ഇറങ്ങിയത്. ആഘോഷം അതിരുവിട്ടപ്പോൾ നിയന്ത്രക്കാൻ പൊലീസിനും ഇടപെടേണ്ടി വന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി.