ഹൈദരാബാദ്: കൽപനൗ ചൗളയ്ക്കും സുനിതാ വില്ല്യംസിനും പിൻഗാമിയായി ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകാൻ സിരിഷ ബാൻഡ്ല (34) ഒരുങ്ങുന്നു. വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആറംഗ യാത്രാസംഘത്തിലുൾപ്പെട്ട സിരിഷ ഈ മാസം 11ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും.

വെർജിൻ ഗലാക്റ്റിക്കിന്റെ ഗവൺമെന്റ് അഫയേഴ്‌സ് വിഭാഗം വൈസ് പ്രസിഡന്റാണ് സിരിഷ. ആന്ധ്രയിലെ ഗുണ്ടൂരിലാണു ജനിച്ചത്. മാതാപിതാക്കളായ ഡോ. ബാൻഡ്ല മുരളീധറിനും അനുരാധയ്ക്കുമൊപ്പം അഞ്ചാം വയസ്സിലാണ് സിരിഷ യുഎസിലെത്തിയത്. ഹൂസ്റ്റൺ നഗരത്തിലായിരുന്നു സിരിഷ വളർന്നത്.

യുഎസിലെ പർദ്യു സർവകലാശാലയിൽനിന്ന് എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം, ജോർജ്ടൗൺ സർവകലാശാലയിൽനിന്ന് എംബിഎ എന്നിവ നേടിയ സിരിഷ പിന്നീട് ടെക്‌സസിൽ എയ്‌റോസ്‌പേസ് എൻജിനീയറായും കൊമേഴ്‌സ്യൽ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്‌പേസ് പോളിസി വിദഗ്ധയായും ജോലി ചെയ്തു. 2015 ലാണ് വെർജിൻ ഗലാക്റ്റിക്കിൽ ചേർന്നത്. ചീഫ് ആസ്‌ട്രോനോട്ടായ ബെഥ് മോസസ് എന്ന വനിതയും സിരിഷയ്‌ക്കൊപ്പം ബഹിരാകാശ യാത്രാസംഘത്തിലുണ്ട്.