ആലുവ: ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദിച്ച കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് നോർത്ത് പറവൂർ മന്നം തോട്ടത്തിൽ പറമ്പ് വീട് മുഹമ്മദലി ജൗഹർ (28), ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പിൽ വീട് സഫൽ (26) എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി യുവതിയെ ഭർത്താവ് ഉപദ്രവിക്കുക ആയിരുന്നു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയെ ഭർതൃവീട്ടിൽ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് യുവതിയുടെ പിതാവിനെ ഭർത്താവ് ജൗഹർ വിളിച്ചുവരുത്തിയിരുന്നു. വാക്കുതർക്കത്തെ തുടർന്ന് ജൗഹറും സുഹൃത്തുക്കളും ചേർന്ന് യുവതിയെയും പിതാവിനെയും മർദിക്കുകയുമായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ആലുവ വെസ്റ്റ് ഇൻസ്‌പെക്ടർ എം.ആർ.മൃദുൽ കുമാർ, സബ് ഇൻസ്‌പെക്ടർ ജി.അജയകുമാർ, എഎസ്‌ഐമാരായ സി.കെ.രാമചന്ദ്രൻ, ഇ.ടി.ജയകൃഷ്ണൻ, എസ്സിപിഒ എം.സജിത്, സിപിഒമാരായ നൗഫൽ, മുരുകേശൻ, ഡബ്ല്യുഎസ്സിപിഒ ഫിലോമിന ഷിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.