റോമിലെ ഓളിംപിക്കോ സ്റ്റേഡിയോയിൽ ഉക്രെയിനിന്റെ ഗോൾവല ഓരോ പ്രാവശ്യം കുലുങ്ങുമ്പോഴും കാതങ്ങൾക്കിപ്പുറം ഇംഗ്ലണ്ടിൽ അത് ആഘോഷത്തിന്റെ നിമിഷങ്ങളായി മാറുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്ക് ഉക്രെയിനെ തോൽപിച്ചുകൊണ്ട്, നീണ്ട 25 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചപ്പോൾ ആഹ്ലാദത്തിന്റെ അതിരുകളൊക്കെ ഇല്ലാതെയാകുന്ന കാഴ്‌ച്ചകളായിരുന്നു ഇംഗ്ലണ്ടിൽ കണ്ടത്. ലണ്ടൻ തെരുവുകളിലേക്കിറങ്ങിയ നൂറുകണക്കിന് ആരാധാകർ രാതിയെ പകലാക്കിമാറ്റി ആഘോഷങ്ങൾക്ക് തിരികൊളുത്തി.

മനുഷ്യമതിൽ തീർത്ത് പലയിടങ്ങളിലും പൊലീസ് ഇവരെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ പൊലീസുമായി ഫുട്ബോൾ ആരാധകർ സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. നിരത്തുകളിൽ കൂട്ടം കൂടിനിന്ന ആരാധകരെ പ്രിച്ചുവിടുവാനായി പൊലീസുകാർ ശ്രമിക്കുന്നത് സെൻട്രൽ ലണ്ടനിലെ മിക്കയിടങ്ങളിലും കാണാമായിരുന്നു. ചിലരെയൊക്കെ അറസ്റ്റ് ചെയ്തെങ്കിലും കൃത്യമായി എത്രപേരെ അറസ്റ്റ് ചെയ്തു എന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇംഗ്ലണ്ടിന്റെ വിജയത്തിൽ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു എങ്കിലും ലണ്ടൻ പൊലീസിന് ആഹ്ലാദത്തിന്റെ പേരിലുള്ള അമിതാവേശം അനുവദിച്ചുകൊടുക്കാൻ ആവുമായിരുന്നില്ല. പലയിടങ്ങളിലും, മാസ്‌ക് പോലുമില്ലാതെ ആഹ്ലാദാരവത്തിൽ പങ്കെടുക്കാൻ എത്തിയവരെ പൊലീസിന് ബലം പ്രയോഗിച്ച് പിരിച്ചുവിടേണ്ടതായി വന്നു. കോവിഡ് വ്യാപനം നിയന്തണാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ആഹ്ലാദപ്രകടനങ്ങൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ട്രഫാൽഗർ ചത്വരത്തിലും ഷാഫ്റ്റ്സ്ബറി മെമോറിയ ഫൗണ്ടനിലുമൊക്കെ നൂറുകണക്കിന് ആരാധകരാണ് ബിയർ ഒഴുക്കിയും കുപ്പികൾ ആകാശത്തിലേക്കെറിഞ്ഞും പരസ്പരം വാരിപ്പുണർന്നും ആഘോഷങ്ങളിൽ പങ്കാളികളായത്. ന്യു കാസിലിലെ ടൈം സ്‌ക്വയറിലും ആഘോഷങ്ങൾ പൊടിപൊടിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളി നടക്കുന്ന ഇറ്റലിയിലേക്ക് പോകരുതെന്ന് ആരാധകരോട് നിർദ്ദേശിച്ചിരുന്നു. ബ്രിട്ടന്റെ ആംബർ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യമാണ് ഇറ്റലി.

എന്നിരുന്നാലും, ബ്രിട്ടന് വെളിയിൽ താമസിക്കുന്ന നിരവധി ആരാധകർ ഇറ്റലിയിൽ കളികാണാൻ എത്തിയിരുന്നു. അവർക്കൊപ്പം ആർപ്പുവിളികളുമായി ഇംഗ്ലണ്ടിലെ തെരുവോരങ്ങളിലെ ആരാധകരും ചേർന്നപ്പോൾ ഇംഗ്ലണ്ടിന്റെ വിജയം ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു. എന്നാൽ, ഈ ആഘോഷങ്ങൾക്കപ്പുറത്ത്, ഏറെ ദൂരെയല്ലാതെ ഒരു മഹാവിപത്ത് മറഞ്ഞിരിക്കുന്നു എന്ന ഭയം ശാഷ്ത്രലോകം പങ്കുവയ്ക്കുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകൾ ഒഴിവാക്കിയും ഉള്ള ആഹ്ലാദാരവങ്ങൾ കോവിഡ് വ്യാപനത്തിന് ശക്തി കൂട്ടിയേക്കാം എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

നേരത്തേ, ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം നിയന്ത്രണാതീതമായതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നത് നീട്ടിവച്ചിരുന്നു. പിന്നീടും രോഗവ്യാപനതോത് വർദ്ധിച്ചുവരുന്നത് കടുത്ത ആശങ്ക ഉളവാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് ഇന്നലത്തെ ആഘോഷമെത്തിയിരിക്കുന്നത്. പൂർണ്ണസാതന്ത്ര്യം ജൂലായ് 17 കഴിഞ്ഞും നീണ്ടുപോകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.