- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്യൻ രാജ്യമായ മോണ്ടെനെഗ്രോയിലെ ഒരു ഭൂപ്രദേശത്തിന്റെ ഉടമകൾ ഇനി ചൈനയും; 100 കോടി ഡോളർ വായ്പയെടുത്ത് തുടങ്ങിയ പാലം പണി തീരാതായതോടെ രാജ്യത്തിന്റെ ഭൂപ്രദേശം പിടിച്ചെടുക്കാൻ ചൈന; ചെറു രാജ്യങ്ങളിൽ ചൈന അധിനിവേശം നടത്തുന്ന കഥ
ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. നന്മയുടെയും സ്വാതന്ത്ര്യത്തിന്റെയും കേദാരമെന്നൊക്കെയാണ് ഇന്ത്യൻ കമ്മ്യുണിസ്റ്റുകൾ ഉൾപ്പടെ പല ബുദ്ധിജീവികളും പാടിപ്പുകഴ്‌ത്തുന്നതെങ്കിലും, കുടിലതന്ത്രങ്ങളിലൂടെ ലോകത്തെ കീഴടക്കാനുള്ള തത്രപ്പാടിലാണ് ചൈന എന്നത് ലോകകാര്യങ്ങൾ നിരീക്ഷിക്കുന്ന ആർക്കും ബോദ്ധ്യമാകുന്ന കാര്യമാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മോണ്ടെനെഗ്രോ എന്ന ചെറിയ ബാൾക്കൻ രാജ്യത്തിൽ കാണുന്നത്.
സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്ക് മോണ്ടെനെഗ്രോയിൽ നിന്നുള്ള 270 മൈൽ ദൂരമുള്ള ഹൈവേയുടെ പണിയാണ് ഇപ്പോൾ ഈ കൊച്ചു രാജ്യത്തിന് പാരയാകുന്നത്. ചൈനയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്ന് ഈ പണി നടത്തുന്ന ചൈന റോഡ് ആൻഡ് ബ്രിഡ്ജ് കോർപ്പറേഷൻ ഇതിന്റെ ആദ്യഘട്ടം പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതിനായി മോണ്ടെനെഗ്രോ എടുത്ത 1 ബില്ല്യൺ ഡോളറിന്റെ ആദ്യ ഘടു ഈ മാസം അടയ്ക്കേണ്ടതായിട്ടുണ്ട്. ദേശീയ കടം മൊത്തം അഭ്യന്തര ഉദ്പാദനത്തിന്റെ ഇരട്ടിയോളം എത്തിയ അവസ്ഥയിലാൺ' മൊണ്ടെനെഗ്രോ. ഈ അവസ്ഥയിൽ ഇത് എങ്ങനെ തിരിച്ചടയ്ക്കും എന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം.
മോണ്ടെനെഗ്രോയുമായി ഉണ്ടാക്കിയിട്ടുള്ള കരാർ പ്രകാരം, കൃത്യ സമയത്ത് വായ്പയിൽ മേലുള്ള അടവ് മുടങ്ങുകയാണെങ്കിൽ, വായ്പ തുകയ്ക്ക് സമാനമായ മൂല്യമുള്ള ഭൂമി ചൈനയ്ക്ക് മോണ്ടേനെഗ്രോയ്ക്കുള്ളിൽ കൈവശപ്പെടുത്താൻ കഴിയും. ഇത് സൈനികർ ഉപയോഗിക്കുന്ന ഭൂമിയോ മറ്റ് നയതന്ത്ര കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയോ ആകരുതെന്ന് മാത്രം. കൂനിന്മേൽ കുരു എന്നപോലെ, ഇക്കാര്യത്തിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അന്തിമ വിധി ചൈനീസ് കോടതിയുടെതായിരിക്കും എന്നതിൽ രാജ്യത്തെ മുൻസർക്കാർ സമ്മതവും രേഖപ്പെടുത്തിയിട്ടുണ്ട്.
മോണ്ടെനെഗ്രോയിലെ ബാർ തുറമുഖത്തുനിന്നും ബെൽഗ്രേഡിലേക്കുള്ള ഈ റോഡ് യൂറോപ്പിന്റെ മണ്ണിൽ ചൈന ശക്തിപ്പെടുത്തുന്ന സ്വാധീനത്തിന്റെ തെളിവാണ്. ബെൽറ്റ് ആൻഡ് റോഡ് എന്ന കെണിയൊരുക്കി, വൻ തുകകൾ വായ്പ നൽകി ഏഷ്യയിലേയും ആഫ്രിക്കയിലേയും പല ദരിദ്ര രാജ്യങ്ങളിലും സ്വന്തം സ്വാധീനം ഉറപ്പിച്ചതിനു ശേഷം ഇപ്പോൾ യൂറോപ്പാണ് ചൈന ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായെങ്കിലും ഇവയിൽ പല രാജ്യങ്ങളും ഇന്ന് കടഭാരത്താൽ വിഷമിക്കുകയാണ്.
ശ്രീലങ്കയും ദിജിബോട്ടിയും മംഗോളിയയുമൊക്കെ അനുഭവിക്കുന്ന ചൈനീസ് അധിനിവേശത്തിന്റെ ആദ്യ യൂറോപ്യൻ ഇരയാണ് മോണ്ടെനെഗ്രോ. 270 മൈൽ ദൂരമുള്ള ഹൈവേയുടെ ആദ്യത്തെ 25 മൈൽ നിർമ്മാണം തന്നെ രാജ്യത്തെ കടക്കെണിയിലാക്കിയിരിക്കുകയാണെന്നാണ് സർക്കാർ തന്നെ പറയുന്നത്. ബാക്കി ഭാഗം പണിയുവാനുള്ള സാഹചര്യം ഇപ്പോഴില്ല എന്നും അവർ വ്യക്തമാക്കുന്നു.
രാജ്യത്തെ ലോകത്തിനു മുന്നിൽ വിഢികളാക്കിക്കൊണ്ട് എങ്ങുനിന്നും എങ്ങോട്ടേക്കുമല്ലാതൊരു ഹൈവേ ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണെന്നാണ് സാധാരണ പൗരന്മാരുടെ അഭിപ്രായം.
മറുനാടന് മലയാളി ബ്യൂറോ