- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് പൊട്ടിച്ചയാളെ തട്ടിക്കൊണ്ടു പോയി തടവിലാക്കി; മൂന്ന് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
കോഴിക്കോട്: സ്വർണക്കടത്ത് 'പൊട്ടിച്ച'യാളെ തട്ടിക്കൊണ്ടുപോയി ഒരു മാസത്തോളം തടവിലിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് വർഷത്തിന് മുമ്പ് നടന്ന സംഭവത്തിൽ കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കറിനെയാണ് (39) കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പിടികൂടിയത്.
2018ൽ അബൂബക്കർ വിദേശത്തു നിന്നു നൗഷാദ് അലി എന്ന കാരിയർ മുഖേന ഒന്നര കിലോ സ്വർണം നാട്ടിലേക്ക് അയച്ചിരുന്നു. നൗഷാദ് അലിയിൽ നിന്നു കുന്നമംഗലം സ്വദേശി ടിങ്കു തട്ടിയെടുത്തു. ടിങ്കുവിനെ കൈകാര്യം ചെയ്ത് സ്വർണം വീണ്ടെടുക്കാൻ അബൂബക്കർ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുമായി അടുപ്പമുള്ള കാക്ക രഞ്ജിത്തിന്റെ സംഘത്തെയാണു നിയോഗിച്ചത്.
കാക്ക രഞ്ജിത്തിന്റെ സംഘം ടിങ്കുവിനെ കാസർകോട് കൊണ്ടുപോയി ഒരു മാസത്തോളം തടവിലിട്ടു. ടിങ്കുവിന്റെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്നു വിദേശത്തേക്കു മുങ്ങിയ അബൂബക്കറിനു വേണ്ടി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അബൂബക്കറിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ചു പൊലീസിനെ അറിയിക്കുകയായിരുന്നു. കേസിൽ 13 പ്രതികളാണുള്ളത്. ക്വട്ടേഷൻ സംഘാംഗങ്ങളായ 7 പേർ നേരത്തേ പിടിയിലായി.
അബൂബക്കറിനെ കോടതി റിമാൻഡ് ചെയ്തു. മറ്റേതെങ്കിലും സ്വർണക്കടത്ത് കേസുമായി അബൂബക്കറിനു ബന്ധമുണ്ടോ എന്നറിയാൻ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ട്രാഫിക് അസി. കമ്മിഷണർ കെ.സി.ബാബു പറഞ്ഞു.