- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻട്രൽ ജയിലിൽ തടവുകാരുടെ വിളി റെക്കോർഡ് ചെയ്യും; നിർദേശവുമായി ജയിൽ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലും തടവുകാരുടെ വിളി റെക്കോർഡ് ചെയ്യും. തടവുകാർക്ക് ഔദ്യോഗികമായി പുറത്തേക്ക് വിളിക്കാവുന്ന ഫോണുകളിലെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതിനും കോൾ ലിസ്റ്റ് ശേഖരിക്കാനും ജയിൽ വകുപ്പ് നിർദ്ദേശം നൽകി. ഇതിനായി തിരുവനന്തപുരത്ത് സെൻട്രൽ ജയിലിൽ ഉപകരണം സ്ഥാപിച്ചു. കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളും ഉടനെ സ്ഥാപിക്കും.
തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ഔദ്യോഗിക ഫോൺ ഉപയോഗിച്ച് ഹഷീഷ് ഓയിൽ കടത്തിലെ പ്രതി ലഹരിക്കച്ചവടത്തിന് ഏകോപനം നടത്തിയെന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തുകയും പ്രതി ജയിലിൽ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ജാഗ്രത. ജയിൽ അധികൃതർക്ക് വൻനാണക്കേടായി ഈ ലഹരി ഇടപാട്. 20 ഫോണുകളാണ് ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
ഈ ഫോണിൽനിന്ന് ഏറ്റവും അടുത്ത ബന്ധുക്കളായ 3 പേരെ മാത്രമേ തടവുകാർക്ക് വിളിക്കാൻ കഴിയൂ. ഇതിനായി ഈ നമ്പരുകൾ ചേർത്ത സ്മാർട് കാർഡ് തടവുകാർക്ക് നൽകിയിട്ടുണ്ട്. ഈ നമ്പരുകൾ പരിശോധിച്ച് ജയിൽ അധികൃതർ ആണ് രജിസ്റ്റർ ചെയ്തു നൽകുന്നത്.
ഹഷീഷ് ഓയിൽ കടത്ത് പ്രതി ഇതിലൂടെ ഭാര്യയെ വിളിക്കുകയും ഭാര്യ കോൾ കോൺഫറൻസിലൂടെ ലഹരിക്കടത്തു സംഘങ്ങളെ ബന്ധിപ്പിച്ച് വിൽപനയുടെ ഏകോപനം നടത്തുകയുമായിരുന്നു പതിവ്.