യൂറോ കപ്പിന്റെ ചൂട് ആവേശഭരിതമാക്കുന്ന ബ്രിട്ടനെ തണുപ്പിൽ കുളുപ്പിക്കാൻ മറ്റൊരു മഴക്കാലം കൂടി എത്തുകയാണ്. ഇന്നുമുതൽ ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഴ ആരംഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഏതായാലും ബുധനാഴ്‌ച്ച വെംബ്ലിയിൽ ഡെന്മാർക്കിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ യൂറോകപ്പ് സെമിഫൈനൽ മത്സരത്തിനു മുൻപായി മാനം തെളിയുമെന്നും അവർ പറയുന്നു.

വടക്കൻ ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, സ്‌കോട്ട്ലാൻഡ് എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ യെല്ലോ വാർണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ പൊതുവെ വടക്കൻ ഇംഗ്ലണ്ടിൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥയായിരുന്നു. ഇന്ന് വടക്കൻ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴവർഷവും പ്രതീക്ഷിക്കുന്നു. തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും ഇത് ഉണ്ടാകും എന്ന മുന്നറിയിപ്പുണ്ട്.

ബ്രിസ്റ്റോളിൽ നടന്ന ഇംഗ്ലണ്ട്-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം ഇന്നലെ മഴകാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 41.1 ഓവറി 166 റൺസ് നേടിയ സമയത്താണ് മഴ എത്തിയത്. വിംബിൾഡൺ കളിക്കാർക്ക് ഇന്ന് വിശ്രമദിവസമാണ്. എന്നാൽ, ചൊവ്വാഴ്‌ച്ചയും മഴ തുടരുമെന്നതിനാൽ ചൊവ്വാഴ്‌ച്ചത്തെ കളി മാറ്റിവയ്കേണ്ടതായി വന്നേക്കാം. നേരത്തേ മോശം കാലാവസ്ഥ കാരണം ശനിയാഴ്‌ച്ച 90 മിനിറ്റ് നേരത്തേക്ക് കളി മാറ്റിവച്ചിരുന്നു.

ചൊവ്വാഴ്‌ച്ച അന്തരീക്ഷ താപനില ഈ ആഴ്‌ച്ചയിലെ ഏറ്റവും കുറവ് താപനിലയിലേക്ക് എത്തുമെന്നാണ് സൂചന. തെക്കൻ ഇംഗ്ലണ്ടിൽ 16 ഡിഗ്രിയും വടക്കൻ ഇംഗ്ലണ്ടിൽ 15 ഡിഗ്രിയുമായിരിക്കും താപനില. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 30 മി. മീ വരെ മഴ ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആ ഭാഗങ്ങളിൽ ഇന്ന് യെല്ലോ വാർണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും സമാനമായ രീതിയിൽ പല ഭാഗങ്ങളിലും മഴ തുടരുന്നതാണ്.

തെക്കൻ ഇംഗ്ലണ്ടിലേക്ക് ന്യുന മർദ്ദം കടന്നിരിക്കുന്നതിനാൽ ചൊവ്വാഴ്‌ച്ച ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും വെയിൽസിലും കനത്ത മഴ അനുഭവപ്പെടും. സാധാരണയിൽ കവിഞ്ഞ മഴ ആയിരിക്കുമെന്നും വിംബിൾഡൺ മാച്ച് തടസ്സപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ, ബുധനാഴ്‌ച്ചയോടെ ആകാശം തെളിയും. ഇംഗ്ലണ്ടും ഡെന്മാർക്കും തമ്മിലുള്ള യൂറോകപ്പ് സെമിഫൈനൽ മത്സരം കാണുവാൻ കുടകൾ ആവശ്യമായി വരില്ല. മാത്രമല്ല, അന്തരീക്ഷ താപനിലയും ഉയർന്ന് സാധാരണ നിലയിലേക്കെത്തും.