ദുബായ്: കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നഷ്ടമായതോടെ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. എന്നാൽ ഗൾഫിലേക്കുള്ള മടക്കയാത്ര ഇനിയും വൈകുമെന്ന് ഉറപ്പായതോടെ തൊഴിൽ നഷ്ട ഭീതിയിലാണ് ഇവരെല്ലാവരും. പലർക്കും ജോലി സ്ഥലത്തേക്ക് ഉടൻ മടങ്ങിയെത്തണമെന്ന കമ്പനികളുടെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രവാസികൾ.

ഒരു വർഷത്തോളമായി സൗദിയിലേക്കും കുവൈത്തിലേക്കും മടങ്ങാനാവാത്തതിനാൽ നൂറുകണക്കിനാളുകൾക്ക് നേരത്തേതന്നെ തൊഴിൽ നഷ്ടമായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജോലിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ പകരം ആളുകളെ നിയമിക്കുമെന്ന് നിരവധി പ്രവാസികൾക്ക് സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാൻ എന്നിവിടങ്ങളിലേക്ക് മടങ്ങാനാവാതെ പതിനായിരക്കണക്കിന് മലയാളികളാണ് തൊഴിൽ നഷ്ടമാകുമോയെന്ന ഭീതിയിൽ കഴിയുന്നത്. ബഹ്‌റൈൻ, ഖത്തർ എന്നിവ ഒഴികെയുള്ള ഒരു ഗൾഫ് രാജ്യത്തും ഇന്ത്യക്കാർക്ക് ഇപ്പോൾ നേരിട്ട് പ്രവേശിക്കാവുന്ന സ്ഥിതിയില്ല.

അർമേനിയ, ഉസ്‌ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങൾവഴി പ്രവാസികൾ യു.എ.ഇ.യിൽ എത്തുന്നുണ്ട്. എന്നാൽ അതിന് ചെലവേറെയാണ്. അടിയന്തരമായി ഗൾഫിലേക്ക് മടങ്ങേണ്ടവരുടെ അവസ്ഥ കേന്ദ്ര സർക്കാർ ഗൾഫ് ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രവാസി സംഘടനകൾ നേരത്തേതന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഗൾഫ് നാടുകൾ വിലക്ക് പിൻവലിച്ചാൽ വാക്സിൻ സ്വീകരിച്ചവർക്ക് മടങ്ങാൻ സാധിക്കും. എന്നാൽ, ഇന്ത്യയിലെ കോവാക്സിൻ ഇതുവരെ ഗൾഫ് നാടുകൾ അംഗീകരിച്ചിട്ടില്ല. കോവാക്സിന് അംഗീകാരം കിട്ടുന്നതിനും ഇന്ത്യ ഗൗരവമായ നയതന്ത്ര ഇടപെടലുകൾ ഇതുവരെ നടത്തിയിട്ടില്ല.