- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൂറുകണക്കിന് മലയാളികൾക്ക് ബ്രിട്ടനിൽ ഏറ്റവും വലിയ പുരസ്‌കാരം! എലിസബത്ത് രാജ്ഞി ജോർജ്ജ് ക്രോസ്സ് സമ്മാനിച്ചത് മുഴുവൻ എൻ എച്ച് എസ് ജീവനക്കാർക്കും; കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ആരോഗ്യ പ്രവർത്തകർക്ക് അപൂർവ്വ അംഗീകാരം

കോവിഡിനെതിരെയുള്ള യുദ്ധം മുൻനിരയിൽ നിന്നും നയിച്ചതുൾപ്പടെ ഏഴു പതിറ്റാണ്ടുകാലത്തെ സ്തുത്യർഹമായ സേവനത്തിന് എൻ എച്ച് എസ്സിന് ജോർജ്ജ് ക്രോസ്സ് സമ്മാനിച്ചു. രാജ്യത്തെ രക്ഷിക്കുവാനും സഹായിക്കുവാനുമായി, ധീരതയാർന്ന നടപടികൾ കൈക്കൊള്ളുന്നവർക്കായി എലിസബത്ത് രാജ്ഞിയുടെ പിതാവായ ജോർജ്ജ് ആറാമനാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. കോവിഡിനെതിരെ പോരാടാൻ എൻ എച്ച് എസിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും കാണിച്ച ആത്മാർത്ഥതയേയും അർപ്പണ ബോധത്തെയും അഭിനന്ദിച്ച രാജ്ഞി, അവർ തീർച്ചയായും രാജ്യത്തിന്റെ നന്ദി അർഹിക്കുന്നു എന്നും പറഞ്ഞു.
വിൻഡ്സർ കാസിലിന്റെ വിലാസമുള്ള പേപ്പറിൽ സ്വന്തം കൈയക്ഷരത്തിൽ എഴുതിയ കത്തിൽ കോവിഡുകാലത്തെ മുൻനിര ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനത്തെ എടുത്തുപറയുന്നുണ്ട്. മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ധീരതാ പുരസ്‌കാരം നൽകുന്നത് എൻ എച്ച് എസിൽ നിലവിൽ ജോലിചെയ്യുന്ന ജീവനക്കാർക്കും, നേരത്തേ ജോലി ചെയ്തിരുന്നവർക്കും വേണ്ടിയാണെന്നും ഇതിൽ പറയുന്നു. മാത്രമല്ല, എൻ എച്ച് എസിലെ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്ന ജീവനക്കാർക്കും കൂടിയാണ് ഈ അവാർഡ് എന്നും എഴുത്തിൽ പറയുന്നു.
ജോർജ്ജ് ആറാമൻ ഏർപ്പെടുത്തിയ ഈ പുരസ്‌കാരം നൽകുന്നത് ജോർജ്ജ് ക്രോസ്സ് കമ്മിറ്റിയുടെയും പ്രധാനമന്ത്രിയുടെയും ശുപാർശപ്രകാരമാണ്. 1940 സെപ്റ്റംബർ 24 നായിരുന്നു ജോർജ്ജ് ആറാമൻ രാജാവ് ഈ പുരസ്‌കാരം ആരംഭിച്ചത്. ഏറ്റവും അപകടകരമായ സാഹചര്യത്തിൽ അപൂർവ്വമായ ധൈര്യം പ്രകടിപ്പിക്കുന്ന പൗരന്മാർക്ക് നൽകുവാനുള്ളതാണ് ഈ പുരസ്‌കാരം. സ്വന്തം ജീവൻ വരെ പണയപ്പെടുത്തിയാണ് എൻ എച്ച് എസിലെ മുൻനിര ആരോഗ്യ പ്രവർത്തകർ കോവിഡിനോട് പോരാടുവാൻ ഇറങ്ങിത്തിരിച്ചത്. ഇവരിൽ നൂറുകണക്കിനു പേർ മരണത്തെ പുൽകിയപ്പോൾ നൂറുകണക്കിനുപേർ ദീർഘകാല ആരോഗ്യപ്രശ്നങ്ങളാൽ വലയുകയാണ്.
ഇതുവരെ 79 മില്ല്യൺ വാക്സിൻ ഡോസുകളാണ് എൻ എച്ച് എസ് ജീവനക്കാർ നൽകിയിട്ടുള്ളത്. അതുപോലെ 4,05,000 അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. കഠിനമായ അദ്ധ്വാനവും ഒപ്പം ആരോഗ്യ പ്രശ്നങ്ങളും മിക്കവരെയും ശാരീരികമായും മാനസികമായും ഏറെ തളർത്തിയിട്ടുമുണ്ട്. എല്ലാ എൻ എച്ച എസ് ജീവനക്കാരുടെയും കൂട്ടായ ശ്രമത്തിനാണ് അവാർഡ് എന്ന് അവാർഡിനൊപ്പം നൽകുന്ന മംഗളപത്രത്തിൽ പറയുന്നു.

