- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡണിലെ മൂന്നാം റൗണ്ടിലേക്ക് കുതിച്ചു കയറിയ എമ്മ ഒറ്റക്കളിയിൽ ബ്രിട്ടനിലെ സൂപ്പർസ്റ്റാറായി; 18 കാരിയെ കത്തിരിക്കുന്നത് ശതകോടികൾ; എമ്മയുടെ കഥകൾ പറഞ്ഞ് തീരാതെ മാധ്യമങ്ങളും ജനങ്ങളും
''ഞാൻ ടെന്നീസിൽ വളർന്നത് സാവധാനം പടിപടിയായിട്ടാണ്. എന്നാൽ, എമ്മയുടെത് ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോൾ സംഭവിച്ച അദ്ഭുതവും.'' മിൂൻ ലോക ഒന്നാം നമ്പർ കളിക്കാരിയും അമേരിക്കൻ ടെന്നീസ് താരവുമായ ട്രേസി ആൻ ഓസ്റ്റിന്റെ വാക്കുകളാണിത്. ഇതിൽ അതിശയോക്തി തീരെയില്ല. ബ്രിട്ടന്റെ പുതിയ കായികതാരമായ എമ്മ റാഡുകാനു അർഹിക്കുന്ന അഭിനന്ദനങ്ങളാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്.
ടെന്നീസിൽ എ ലെവൽ എത്തി ഏതാനും ആഴ്‌ച്ചകൾ മാത്രമായ ഈ 18 കാരി തന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ മലർത്തിയടിച്ചത് ലോകത്തിലെ 45-ാ0 നമ്പർ കളിക്കാരിയായ സൊറാന ക്രിസ്റ്റിയയേയാണ്. കേവലം ഒരൊറ്റ കളി കൊണ്ട് ബ്രിട്ടന്റെ ഹൃദയത്തെ കീഴടക്കിയ ഈ സുന്ദരി പറയുന്നത് ഇത് താൻ പോലും പ്രതീക്ഷിക്കാത്ത വിജയമാണെന്നാണ്.
വിംബിൾഡണിനായി ഇറങ്ങിപ്പുറപ്പെടുമ്പോൾ, കളിക്കുവാനുള്ള ജഴ്സികൾ ധാരാളം പാക്ക് ചെയ്യേണ്ട എന്നായിരുന്നത്രെ തന്റെ മാതാപിതാക്കൾ പറഞ്ഞത്. ലോകോത്തര കളിക്കാർ തിളങ്ങുന്ന ടെന്നീസിന്റെ പറുദീസയിൽ നിന്നും ഉടൻ മടങ്ങുമെന്നായിരുന്നു അവർ കരുതിയത്. ഇനിയും ഇവിടെ തുടരേണ്ടതിനാൽ, തനിക്ക് തന്റെ വസ്ത്രങ്ങൾ അലക്കേണ്ടതുണ്ട് എന്നാണ് വിജയത്തെക്കുറിച്ച് എമ്മ പ്രതികരിച്ചത്.
ഇന്നലെ വിജയിച്ചതോടെ ഏറ്റവും ചുരുങ്ങിയ 1,81,000 പൗണ്ടാണ് ഈ ദിനത്തിൽ എമ്മയ്ക്ക് ലഭിക്കുക. ടെന്നീസിൽ നിന്നും ഇതുവരെ സമ്പാദിച്ച 28,762 പൗണ്ടിന്റെ ആറിരട്ടി തുകവരുമിത്. ചെറുമഴയിൽ കുതിർന്ന സ്റ്റേഡിയത്തിലെ കാണികൾക്ക് പക്ഷെ ആവേശം ഒട്ടും ചോർന്നിരുന്നില്ല. ഈ പതിനെട്ടുകാരിയുടെ ആദ്യ ഗ്രാൻഡ്സ്ലാം വിജയം അവർ ആഘോഷമാക്കി. ബ്രിട്ടനിൽ ഒരു പുതിയ താരോദയം എന്നായിരുന്നു കമന്റേറ്റർമാർ ഈ വിജയത്തെക്കുറിച്ച് പറഞ്ഞത്.
ലോക റാങ്കിംഗിൽ 338-ാ0 സ്ഥാനത്താണ് എമ്മ റാഡുകാനുയുടെ സ്ഥാനം. ഇന്നലത്തെ മത്സരത്തിൽ വിജയിച്ചതോടെ 1959-ന് ശേഷം വിംബിൾഡണിന്റെ രണ്ടാം ആഴ്‌ച്ചയിലേക്ക് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമായി മാറിയിരിക്കുകയാണ് എമ്മ. 1959-ൽ ക്രിസ്റ്റിന ട്രൂമാൻ ഈ നേട്ടം കൈവരിച്ചിരുന്നു. ആൻഡി മുറേയും ഹീതർ വാട്സണും ദയനീയമായ പ്രകടനം കാഴ്‌ച്ചവെച്ചതിനു ശേഷം ഇപ്പോൾ ബ്രിട്ടന്റെ പ്രതീക്ഷ മുഴുവൻ ഈ 18 കാരിയിലാണ്. ഒരു ഷോ കോർട്ടിലെ ആദ്യ കളിയിൽ തന്നെ എതിരാളിയായ റൊമേനിയൻ താരം ക്രിസ്റ്റിയയെ അദ്ഭുതപ്പെടുത്തി ഈ കൊച്ചു മിടുക്കി.
വളരെയധികം അനുഭവസമ്പത്തുള്ള കളിക്കാരിയാണ് ക്രിസ്റ്റിയ. മാത്രമല്ല, ഇത് അവരുടെ പന്ത്രണ്ടാമത്തെ വിംബിൾഡണാണ്. ഈ സാഹചര്യത്തിൽ വേണം എമ്മയുടെ 6-3, 7-5 വിജയത്തെ കാണുവാൻ. ഇതിനു മുൻപ് ഒരേയൊരു ടോപ് ലെവൽ മാച്ച് മാത്രം കളിച്ചിട്ടുള്ള, കിഴക്കൻ ലണ്ടനിലെ ബ്രോംലി സ്വദേശിയായ ഈ പെൺകുട്ടി ഇപ്പോൾ ബ്രിട്ടീഷ് ടെന്നീസ് വൃത്തങ്ങളിലെ ചൂടേറിയ ചർച്ചകളുടെ കേന്ദ്ര കഥാപാത്രമായി മാറിയിരിക്കുകയാണ്.
കാണികളുടെ പ്രോത്സാഹനമായിരുന്നു തന്റെ ഊർജ്ജം എന്നു പറഞ്ഞ എമ്മ, ഈ വിജയത്തിൽ അതീവ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. തന്റെ കൂട്ടുകാരുമൊത്ത് അടിച്ചുപോളിക്കുമെന്നാണ് സമ്മാനത്തുകയെപ്പറ്റി ചോദിച്ചപ്പോൾ എമ്മയുടെ മറുപടി. റൊമേനിയൻ പിതാവിന്റെയും ചൈനീസ് വംശജയായ മാതാവിന്റെയും പുത്രിയായി കാനഡയിലായിരുന്നു എമ്മയുടെ ജനനം. ഇവർക്ക് രണ്ടു വയസ്സുള്ളപ്പോഴായിരുന്നു കുടുംബം ബ്രിട്ടനിലേക്ക് എത്തിയത്. പിന്നീട് ലണ്ടനിലായിരുന്നു എമ്മ വളർന്നത്. പത്ത് വയസ്സുമുതൽ ഇവർ ബ്രോംലി ടെന്നീസ് അക്കാദമിയിൽ കളിക്കുന്നുണ്ട്.
തികച്ചും ഒരു സാധാരണ കുടുംബത്തിലെ അംഗമായ എമ്മയ്ക്ക് എന്നും പിന്തുണയായി നിൽക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പഠനത്തിലും എമ്മ മിടുക്കിയാണെന്നാണ് ഓർപിങ്ടണിലെ ഗ്രാമർ സ്‌കൂളിലെ അദ്ധ്യാപകർ പറയുന്നത്. അടുത്ത മത്സരത്തിൽ വിജയിച്ചാൽ എമ്മയെ കാത്തിരിക്കുന്ന സമ്മാനത്തുക 3 ലക്ഷം പൗണ്ടാണ്. അതിൽ പരാജയപ്പെട്ടാലുംസ്പോൺസർഷിപ്പും മറ്റുമായി ലക്ഷങ്ങളാണ് ഈ 18 കാരിയെ തേടിയെത്തുക.
മറുനാടന് മലയാളി ബ്യൂറോ