സണ്ണിവെയ്ൽ (ഡാളസ്) :- അമേരിക്കൻ സ്വാതന്ത്യദിനം പ്രമാണിച്ച് സണ്ണി വെയ്ൽ സിറ്റിയിൽ മലയാളിയും മേയറുമായ സജി ജോർജ്ജിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു.

സ്വാതന്ത്യദിനമായ ജൂലൈ 4 നു മുമ്പ് ശനിയാഴ്ച രാവിലെ 9 മണിയോടെ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നവർ റാലിയിൽ അണിനിരന്നതോടെ റാലി കാണുന്നതിന് നിരവധി പേർ റോഡിനിരുവശത്തും കാത്തു നിന്നിരുന്നു. പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ സൈക്കിളിൽ , യൂണിഫോം ധരിച്ച് അണിനിരന്നത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഫയർഫോഴ്‌സിന്റെ പിറകിൽ മേയറും കുടുംബവും കൗൺസിൽ അംഗങ്ങളും അണിനിരന്ന റാലിയിൽ നിരവധി ഇന്ത്യൻ അമേരിക്കൻ വംശജരും പ്രത്യേകിച്ച് മലയാളികൾ അണിനിരന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഡാളസ്സിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയായിരുന്നുവെങ്കിലും രണ്ടു ദിവസമായി ലഭിച്ച മഴയും സുന്ദരമായ കാലാവസ്ഥയും റാലിയെ കൂടുതൽ മനോഹരമാക്കി. റാലിക്ക് അകമ്പടിയായി നിരവധി വാഹനങ്ങളും അണിനിരന്നിരുന്നു. ന്യൂ ഹോപ്പിൽ നിന്നും ആരംഭിച്ച റാലി സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച ശേഷം ഈഗിൾ ക്രിസ്റ്റിൽ സമാപിച്ചു. തുടർന്ന് മേയർ സജി ജോർജ് റാലിയിൽ പങ്കെടുത്തവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.