''എല്ലാനാളും മണ്ണിൽ നടപ്പതിലില്ലൊരു കുതുകം നിരുപിച്ചാൽ

മാനത്തൊന്ന് പറക്കാതിങ്ങനെ ഞാനമരുന്നത് ശരിയാണോ?''

പഴയ മൂന്നാം ക്ലാസ്സിലെ മലയാളം പാഠാവലിയിൽ പഠിച്ച ഈ കവിതാശകലം ഇന്നും പലരുടെയും മനസ്സിൽ മധുരനൊമ്പര സ്മരണകൾ ഉയർത്തി ജീവനോടെയുണ്ടാകും. പക്ഷികളെ പോലെ അനന്തവിഹായസ്സിൽ ചിറകുവിടർത്തി പറന്നു നടക്കുക എന്നത് എക്കാലത്തേയും മനുഷ്യന്റെ സ്വപ്നമായിരുന്നു. വിമാനങ്ങൾ കണ്ടുപിടിച്ചതിനു ശേഷവും മനുഷ്യൻ ഉള്ളിൽ ഓമനിച്ചുകൊണ്ടിരുന്ന ഒരു സ്വപ്നം. അതിപ്പോൾ യാഥാർത്ഥ്യമാകുവാൻ പോകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുറകിൽ വെച്ചുകെട്ടിയ ജെറ്റ്പാക്കിന്റെ സഹായത്തോടെ പറന്നിറങ്ങുന്ന സാഹസികത ആദ്യമായി ചിത്രീകരിച്ചത് 1965-ൽ ഇറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ തണ്ടർബോളിലായിരുന്നു. ഒരുപറ്റം തോക്കുധാരികൾ പിന്തുടരുമ്പോൾ ഫ്രാൻസിലെ ഒരു ബഹുനിലകെട്ടിടത്തിൽ നിന്നും ജെറ്റ്പാക്കിന്റെ സഹായത്തോടെ പറന്നുയർന്ന് രക്ഷപ്പെടുന്ന ജെയിംസ് ബോണ്ട് എന്ന സൂപ്പർ ചാരനെ അനശ്വരമാക്കിയത് അന്തരിച്ച മഹാ നടൻ സീൻ കോണറിയായിരുന്നു.

1965-ലെ ചിത്രത്തിന് നാടകീയമായ തുടക്കം സമ്മാനിച്ച ജെറ്റ്പാക്ക് പക്ഷെ 1950 മുതൽ തന്നെ ശാസ്ത്രലോകത്തിന്റെ പരീക്ഷണശാലകളിലുണ്ടായിരുന്നു. 1950-ൽ അമേരിക്കൻ സൈന്യത്തിനായി മാൻ റോക്കറ്റ് എന്ന പുതിയ ഉപകരണംവികസിപ്പിച്ചിരുന്നു. എന്നാൽ, ഇതിന്റെ ഉപയോഗം അത്യന്തം അപകടകരമാണെന്ന വിലയിരുത്തലിൽ സൈന്യം ഇത് ഉപയോഗിക്കുവാൻ വിസമ്മതിച്ചു. തുടർന്ന് ജെയിംസ്ബോണ്ട് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വീണ്ടും ചർച്ചാ വിഷയമായിരുന്നു.

അതുകഴിഞ്ഞ് നീണ്ട് 56 വർഷങ്ങൾ പിന്നിടുമ്പോൽ ജെറ്റ്പാക്ക് സാങ്കേതിക വിദ്യ നിരവധി പരിണാമങ്ങളിലൂടെ കടന്നുപോയി, നിരവധി മാറ്റങ്ങൾക്ക് വിധേയമായി വികസിച്ചുകഴിഞ്ഞിരിക്കുന്നു. ചില പ്രത്യേക കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്ന നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ഈ സാങ്കേതിക വിദ്യ. അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തകരെ അപകടസ്ഥലത്ത് അതിവേഗം എത്തിക്കുവാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തി വിജയിച്ചു കഴിഞ്ഞിരിക്കുന്നു. സൈന്യത്തിനിടയിലും ഇത് പരീക്ഷിച്ചുകഴിഞ്ഞു.

സത്യത്തിൽ, ഒരു ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങാൻ കയറിനു പകരം ജെറ്റ്പാക്ക് ഉപയോഗിക്കുന്ന ഒരു റോയൽ മറൈനിന്റെ വീഡിയോ കഴിഞ്ഞ മാസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സുരക്ഷ, അന്തരീക്ഷ മലിനീകരണം തുടങ്ങി നിരവധി രംഗങ്ങളിൽ ഇപ്പോഴും ചില ആശങ്കകൾ ബാക്കി നിൽക്കുന്നുണ്ടെങ്കിലും, പുറകിൽ വച്ചുകെട്ടിയ ജെറ്റ്പാക്കുമായി മനുഷ്യൻ ആകാശനീലിമയിൽ പറന്നുയരുന്ന സ്വപ്നം ഇപ്പോഴും തുടരുകയാണ്. അമേരിക്കയിലേയും ബ്രിട്ടനിലേയും ഓരോ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് ജെറ്റ്പാക്കിൽ പറന്നുയരാനുള്ള പരിശീലനവും നൽകാൻ തുടങ്ങിയിരിക്കുന്നു.

എന്നാൽ, ഈ സാങ്കേതിക വിദ്യ അടിയന്തരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനായി ആദ്യം പരിമിതപ്പെടുത്തണം എന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ, അഗ്‌നിശമന സേനാംഗങ്ങൾ, ക്രമസമാധാനപാലകർ എന്നിവർക്കായി ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തണം എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആവശ്യം. പിന്നീട് ഘട്ടം ഘട്ടമായി വിനോദോപാധിയായിട്ടും വ്യക്തികളുടെ യാത്രയ്ക്കായും ഇത് ഉപയോഗിക്കാം എന്നാണ് അവർ പറയുന്നത്.

എന്നാൽ, ഇത്തരത്തിലുള്ള ജെറ്റ്പാക്കുകളുടെ നിർമ്മാണ ചെലവ് അധികമായതിനാൽ ധാരാളമായി ആളുകൾ ഉപയോഗിക്കുവാൻ ഇടയില്ലെന്നാണ് ട്രെൻഡിങ് എക്സ്പർട്ടായ ഡാനിയൽ ലെവിൻ പറയുന്നത്. ജെറ്റ്പാക്കുകൾ സ്വതന്ത്രമായി ഉപയോഗിക്കുവാൻ അനുമതി നൽകിയാൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇത് വാടകയ്ക്ക് എടുത്ത് പറക്കുന്ന ധനികരുടെ എണ്ണം വർദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു. അപ്പോഴും സാധാരണക്കാർക്ക് ഇത് അപ്രാപ്യമായി തുടർന്നേക്കാം. എന്നാൽ, ഇക്കാര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ സ്വീകരിക്കുന്ന നിലപാടായിരിക്കും കാര്യമായ മാറ്റം ഉണ്ടാക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു സാധാരണ സ്ത്രീയ്ക്ക് പോലും ഉപയോഗിക്കാൻ കഴിയാവുന്നത്ര സാങ്കേതിക വിദ്യ ലളിതമായാൽ ഇതിന് ആവശ്യക്കാർ ഏറും എന്നത് ഉറപ്പാണ്. അതോടൊപ്പം വിലയിലും കുറവുണ്ടാകണം. 2015-ൽ കാലിഫോർണിയ അടിസ്ഥാനമാക്കി സ്ഥാപിച്ച ജെറ്റ്പാക്ക് ഏവിയേഷൻ ജെ ബി സീരീസ് ജെറ്റ്പാക്കുകളുടെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. മണ്ണെണ്ണയിലും ഡീസലിലും പ്രവർത്തിക്കുന്ന ട്വിൻ-ടർബോജെറ്റ് എഞ്ചിനോടുകൂടിയ ജെറ്റ്പാക്കിന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അനുമതിയും നൽകിക്കഴിഞ്ഞു.

നിലവിൽ ജെറ്റ്പാക്കിൽ പരിശീലനവും ജെറ്റ്പാക്ക് ഏവിയേഷൻ നൽകുന്നുണ്ട്. പരിശീലനത്തിന് താത്പര്യപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണെന്നും നിലവിലെ ജീവനക്കാരെ കൊണ്ട് ആവശ്യം നിറവേറ്റാനാകാത്ത് അവസ്ഥയാണെന്നും ജെറ്റ്പാക്ക് ഏവിയേഷൻ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ ഡേവിഡ് മെയ്‌മാൻ പറയുന്നു. ഇതിൽ പരിശീലനം നേടാനായി നിങ്ങൾ പൈലറ്റ് ഒന്നും ആകേണ്ടതില്ല, ഇതിന്റെ നിയന്ത്രണവും മറ്റും വളരെ ലളിതമായി നിർവഹിക്കാവുന്നതാണ്.